
റിയാദ്: പ്രവാസി കുടുംബങ്ങള്‍ക്കു കാരുണ്യത്തിന്റെ കൈതാങ്ങായി മാറിയ കെഎംസിസി സുരക്ഷ പദ്ധതി ഏഴാം വര്‍ഷത്തിലേക്ക്. 2019ല്‍ ആരംഭിച്ച പദ്ധതിയില്‍ ആയിരക്കണക്കിന് പ്രവാസികളാണ് അംഗങ്ങള്‍. 2025-26 വര്‍ഷത്തേക്കുള്ള ക്യാമ്പയിന്‍ ആരംഭിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ക്യാമ്പയിന്‍ ഉദ്ഘാടനം കൊടുവള്ളി നിയോജകമണ്ഡലം കെഎംസിസി ഭാരവാഹികള്‍ക്ക് അംഗത്വ അപേക്ഷ ഫോം നല്‍കി സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു അധ്യക്ഷത വഹിച്ചു.

2025 ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ മുപ്പത് വരെയാണ് ക്യാമ്പയിന്‍. നിലവില്‍ അംഗത്വമുള്ളവര്‍ക്ക് പുതുക്കുവാനും പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അംഗത്വം എടുക്കുവാനുമുള്ള അവസരം ക്യാമ്പയിന്‍ കാലയളവില്‍ ലഭിക്കും. മലയാളികളായ റിയാദിലെ പ്രവാസി സമൂഹത്തിന് നിയമങ്ങള്‍ക്ക് അനുസൃതമായി പദ്ധതിയില്‍ ചേരാം. പദ്ധതിയില്‍ അംഗമായിരിക്കെ മരിക്കുന്ന അംഗങ്ങളുടെ കുടുംബത്തിന് പത്തു ലക്ഷം രൂപാ നല്‍കും.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച നാല്‍പത് പേരുടെ കുടുംബങ്ങള്‍ക്ക് സഹായം കൈമാറി. പദ്ധതിയില്‍ അംഗമായതിന് ശേഷം അസുഖ ബാധിതരായ നൂറ്റി ഇരുപതിലധികം പ്രവാസികള്‍ക്ക് ചികിത്സ സഹായവും വിതരണം ചെയ്തു. വ്യവസ്ഥാപിതമായി നാട്ടില്‍ പദ്ധതിയുടെ ഓഫീസ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയില്‍ അംഗത്വമുള്ളവര്‍ക്ക് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോയാലും ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിച്ച് അംഗത്വം പുതുക്കാം. ഓണ്‍ലൈന്‍ സേവനവും ലഭ്യമാണ്. പ്രവാസികള്‍ക്ക് റിയാദിലെ താമസ രേഖയുണ്ടാവണം. സന്ദര്‍ശക വിസയില്‍ വന്നവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ കഴിയില്ല.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു പി മുസ്തഫ, ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, സുരക്ഷ പദ്ധതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഫറൂഖ്, സിറാജ് മേടപ്പില്‍, ജലീല്‍ തിരൂര്‍, അഷ്‌റഫ് കല്‍പകഞ്ചേരി, പി സി അലി വയനാട്, ഷമീര്‍ പറമ്പത്ത്, റഫീഖ് മഞ്ചേരി, നജീബ് നല്ലാങ്കണ്ടി, മാമുക്കോയ തറമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും നാസര്‍ മാങ്കാവ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






