Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

കണ്ണീരിനിടയില്‍ കാരുണ്യത്തിന്റെ കൈതാങ്ങ്; ദിനേശ് ആനന്ദിന്റെ കുടുംബത്തിന് കെഎംസിസി 10 ലക്ഷം കൈമാറി

റിയാദ്: അപ്രതീക്ഷിത വേര്‍പാടിന്റെ ആഘാതത്തില്‍ തളര്‍ന്ന ദിനേശ് ആനന്ദിന്റെ കുടുംബത്തിന് കരുതലിന്റെ കൈത്താങ്ങായി കെഎംസിസി. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ടെമ്പിള്‍ ഗേറ്റ് കൊമ്മാള്‍ വയല്‍, നേരോത്ത് വീട്ടില്‍ ദിനേശ് ആനന്ദിന്റെ വിയോഗം ഭാര്യ പി. മിനിയെയും മകളെയും നിശ്ചലമാക്കി. പക്ഷേ, ദുരിതക്കയത്തില്‍ കുടുംബത്തെ ചേര്‍ത്തുപിടിച്ച കെഎംസിസി സുരക്ഷാ പദ്ധതി ആശ്വാസമായി.

കെഎംസിസി പ്രവര്‍ത്തകന്‍ സഫീര്‍ തിരൂര്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ദിനേശ് ആനന്ദിനെ ഉള്‍പ്പെടുത്തിയതാണ് തുണയായത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം 10 ലക്ഷം രൂപയുടെ ബാങ്ക് ചെക്ക് കുടുംബത്തിന് കൈമാറി. കണ്ണീരോടും തൊഴുകൈകളോടും കൂടി മുസ്‌ലിം ലീഗിനും കെഎംസിസിക്കും നന്ദി പറഞ്ഞാണ് കുടുംബം മടങ്ങിയത്.

റിയാദിലെ അല്‍ സരിഫ് ബില്‍ഡിംഗ് മെറ്റീരിയല്‍ കമ്പനിയില്‍ എച്ച്‌വിഎസി ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ദിനേശ് ആനന്ദ് 2025 നവംബര്‍ 2നാണ് റിയാദ് റബിഅ ആശുപത്രിയില്‍ മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും അപ്രതീക്ഷിതമായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്.

കെഎംസിസിയുടെ കുടുംബ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇതേ ദിവസം മൂന്ന് മറ്റ് കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം കൈമാറി. ഇങ്ങനെ ആകെ നാല് കുടുംബങ്ങള്‍ക്ക് 40 ലക്ഷം രൂപയുടെ സഹായമാണ് വിതരണം ചെയ്തത്.

പ്രവാസ ലോകത്തിന്റെ അനിശ്ചിതത്വങ്ങളില്‍ തളര്‍ന്നു പോകുന്നവരെയും അവരുടെ കുടുംബങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന കെഎംസിസിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ അറ്റമില്ലാത്ത കാരുണ്യക്കടലായി മാറുകയാണ്. പ്രത്യേകിച്ച് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി കാണിക്കുന്ന സാമൂഹിക ഉത്തരവാദിത്തവും കരുതലും അനുകരണീയവും മാതൃകാപരവുമാണ്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ കുടുംബ സാമൂഹ്യ സുരക്ഷാ പദ്ധതി നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസവും സുരക്ഷയും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരോ വര്‍ഷവും കുടുംബ സുരക്ഷാ പദ്ധതിയില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന്് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയും ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങരയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top