Sauditimesonline

QURAN MUSABAKA 2
അലിഫ് ഖുര്‍ആന്‍ മുസാബഖ ഗ്രാന്റ് ഫിനാലെ

‘ഒരു മതം; മറ്റുളളവര്‍ക്ക് ഭയം’ എന്ന അവസ്ഥയിലേയ്ക്ക് ഇന്ത്യ മാറുന്നു

റിയാദ്: മോദി സര്‍ക്കാരിന്റെ ഭരണം ന്യൂനപക്ഷ അവകാശങ്ങള്‍ നഷ്ടപ്പെടുന്ന കാലമായി മാറിയെന്നു കെ.പി.സി.സി അംഗം ആദം മുല്‍സി. ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ ‘അവസാനിക്കാത്ത ന്യൂനപക്ഷ വേട്ട’ എന്ന വിഷയത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഒരിക്കല്‍ ‘സര്‍വ്വധര്‍മ്മ സമഭാവന’ എന്ന് അഭിമാനത്തോടെയാണ് പറഞ്ഞിരുന്നത്. ഇന്ന് ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ‘ഒരു മതം മാത്രം, മറ്റുള്ളവര്‍ക്ക് ഭയം മാത്രം’ എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. മതത്തിന്റെ പേരില്‍, ദേശസ്‌നേഹത്തിന്റെ പേരില്‍, സംസ്‌കാരത്തിന്റെ പേരില്‍, വിദ്വേഷവും ഭീതിയും മാത്രം വിതയ്ക്കുന്ന ഭരണമാണ് രാജ്യത്ത് നടക്കുന്നത്. സി.എ.എ, എന്‍.ആര്‍.സി, ലവ് ജിഹാദ് നിയമം, ഗോമാംസ നിരോധനം എല്ലാം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കുക എന്ന ലക്ഷ്യമാണ്. ചരിത്രം പോലും തിരുത്തി ന്യൂനപക്ഷങ്ങളുടെ സംഭാവനകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ആദം മുല്‍സി പറഞ്ഞു.

‘ഇന്ത്യയുടെ ഭരണഘടന ഞങ്ങളുടെ കവചമാണ്, അത് കീറിക്കളയാന്‍ നിങ്ങള്‍ക്ക് കഴിയില്ല’ ഇതാണ് മോദി സര്‍ക്കാരിനോട്പറയാനുള്ളത്. നാം ഭയപ്പെടില്ല, പിന്‍വാങ്ങുകയുമില്ല. മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടാന്‍ അനുവദിക്കുകയുമില്ല. ഭാരതത്തിന്റെ ശക്തി വൈവിധ്യമാണ്. അതിനെ തകര്‍ക്കുന്നവര്‍ നാടിന്റെ ശത്രുക്കളാണ്. മതത്തിന്റെ പേരില്‍ നടക്കുന്ന വേട്ടയെ തടയാനും, ഭരണഘടനയുടെ മൂല്യങ്ങളെ സംരക്ഷിക്കാനും, ഓരോ പൗരനും മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കമ്മിറ്റി ഭാരവാഹികള്‍ വിശിഷ്ട്ടാതിഥിയെ ത്രിവര്‍ണ്ണ ഷാള്‍ അണിഞ്ഞു ആദരിച്ചു. ചടങ്ങില്‍ കോഴിക്കോട് ജില്ല പ്രസിഡന്റ് ഒമര്‍ ഷരീഫ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹ്മാന്‍ മുനമ്പത്ത്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ നിഷാദ് ആലങ്കോട്, സക്കീര്‍ ധാനത്ത്, ഷാനവാസ് മുനമ്പത്ത്, മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി, കണ്ണൂര്‍ ജില്ല പ്രസിഡന്റ് സന്തോഷ്, ജില്ല ഭാരാവാഹികളായ ഹര്‍ഷാദ് എം.ടി, ജംഷീദ് തുവ്വൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി വൈശാഖ് അരൂര്‍ സ്വാഗതവും ട്രഷറര്‍ റഫീഖ് എരഞ്ഞിമാവ് നന്ദിയും പറഞ്ഞു. ഷഫാദ് അത്തോളി, മജു സിവില്‍ സ്‌റ്റേഷന്‍, ശിഹാബ് കൈതപൊയില്‍, സിദ്ധീഖ് പന്നിയങ്കര, അല്‍ത്താഫ് കാലിക്കറ്റ്, അസ്‌ക്കര്‍ മുല്ലവീട്ടില്‍, ജോണ്‍ കക്കയം, ഹര്‍ഷുല്‍ നയീം,റിയാസ്, ഷിബില്‍ കിണാശ്ശേരി തുടങ്ങിയവര്‍നേതൃത്വംനല്‍കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top