Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

കിഴക്കും പടിഞ്ഞാറും ഇനി റെയില്‍പാതയില്‍; സൗദിയില്‍ 1300 കി.മീറ്റര്‍ ‘ലാന്‍ഡ് ബ്രിഡ്ജ്’

റിയാദ്: സൗദിയുടെ ഗതാഗത വിപ്ലവത്തിന് കരുത്തുപകരുന്ന റിയാദ്-ജിദ്ദ റെയില്‍വേ പദ്ധതി 2034ല്‍ പൂര്‍ത്തിയാകുമെന്ന് സൗദി റെയില്‍വേ കമ്പനി സി.ഇ.ഒ ബഷാര്‍ അല്‍ മാലിക്. ഘട്ടംഘട്ടമായി പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ ‘സൗദി ലാന്‍ഡ് ബ്രിഡ്ജിന്റെ’ ഭാഗമാണ് റിയാദ്-ജിദ്ദ റെയില്‍ പാത.

യാമ്പുവില്‍ തുടങ്ങി കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി വഴി ജിദ്ദയിലേക്കും അവിടെനിന്ന് റിയാദിലേക്കും നീളുന്നതാണ് പുതിയ പാത. ഇത് നിലവിലുള്ള കിഴക്കന്‍, വടക്കന്‍ റെയില്‍വേ ശൃംഖലകളുമായി ബന്ധിപ്പിക്കും. ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമാണ് ലാന്‍ഡ് ബ്രിഡ്ജ് പദ്ധതി വികസിപ്പിക്കുന്നത്. ഇതിനായി റൂട്ടും ഏഴ് ലോജിസ്റ്റിക് ഹബ്ബുകളും നിശ്ചയിച്ചിട്ടുണ്ട്. റിയാദ്-ദമ്മാം നിലവിലെ പാതകള്‍ ആധുനിക നിലവാരത്തില്‍ ഉയര്‍ത്തുന്നതും പദ്ധതിയുടെ ഭാഗമാണ്. 1300 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള പദ്ധതിയ്ക്ക് 10,000 കോടി റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കരാറുകളില്‍ ഇതുവരെ അന്തിമ ഒപ്പുവെച്ചിട്ടില്ല. രാജ്യത്തിന്റെ താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും പൂര്‍ണ്ണമായും സംരക്ഷിക്കുന്ന കരാറില്‍ എത്തിയ ശേഷം മാത്രമേ നിര്‍മ്മാണം മുന്നോട്ട് പോകൂ എന്നും അല്‍ മാലിക് വ്യക്തമാക്കി. പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക മന്ത്രിതല സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യയുടെ ചരക്കുനീക്കത്തിനും യാത്രാ സൗകര്യങ്ങള്‍ക്കും വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിയ്ക്കു കഴിയുമെന്നും അദ്ദേഹം സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top