
റിയാദ്: ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കാരണമായിട്ടുണ്ടെന്നു സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ്. ഈ സാഹചര്യത്തില്‍ യാത്രകള്‍ കൂടുതല്‍ സുഗമവും ലളിതവുമാക്കാന്‍ കഴിയണമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ മന്ത്രി നിര്‍ദേശിച്ചു.

ടൂറിസം കേവലം വിനോദം മാത്രമല്ല. ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും സമാധാനത്തിനുള്ള സംഭാഷണങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്യുന്നു. ആഗോളതലത്തില്‍ 10 ട്രില്യണ്‍ ഡോളര്‍ മൂല്യമാണ് ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സൗദി അറേബ്യയിലെ വിനോദ രംഗം വലിയ നേട്ടങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ടൂറിസം മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 47 ശതമാനമായി ഉയര്‍ന്നു. ഇത് ആഗോള ശരാശരിയേക്കാള്‍ കൂടുതലാണ്.
2020ല്‍ സാമ്പത്തിക രംഗത്തെ ടൂറിസത്തിന്റെ വിഹിതം 3 ശതമാനമായിരുന്നത് ഇപ്പോള്‍ 5 ശതമാനമായി വര്‍ദ്ധിച്ചു. 2030ല്‍ ഇത് 10 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. 2030 ആകുന്നതോടെ പ്രതിവര്‍ഷം 15 കോടി സഞ്ചാരികളെ സ്വീകരിക്കാന്‍ പുതിയ വിമാനത്താവളങ്ങളും ഹോട്ടലുകളും നിര്‍മ്മിച്ചു വരികയാണ്.

സ്‌പെയിന്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്‍ക്കൊളളാന്‍ കഴിയുന്നതിലേറെ വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ പ്രധാന നഗരങ്ങളിലേക്ക് മാത്രം സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ചെറുകിട നഗരങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രക്കാരെ ആകര്‍ഷിക്കുന്നതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സാധിക്കും. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നത് ആഗോള യാത്രകളെ ബാധിക്കുന്നുണ്ട്.

നിര്‍മ്മിത ബുദ്ധി ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. വിമാനത്താവളങ്ങളിലെ ബയോമെട്രിക് പരിശോധനകള്‍ വേഗത്തിലാക്കാനും സഞ്ചാരികളെ പുതിയ ഇടങ്ങള്‍ പരിചയപ്പെടുത്താനും കഴിയും. എങ്കിലും ലക്ഷ്യസ്ഥാനത്തെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നതിനേക്കാള്‍ മനുഷ്യരുമായുള്ള ഇടപഴകലുകളാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങള്‍ കേവലം യാത്രാ കേന്ദ്രങ്ങളല്ലെന്നും അവ ഷോപ്പിംഗിനും ഭക്ഷണത്തിനും പ്രാധാന്യമുള്ള വലിയ വിനോദ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും അല്‍ ഖതീബ വിശദീകരിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






