റിയാദ്: സൗദി അറേബ്യയില്‍ ജനുവരി 23 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ അധ്യായനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഓഫ്‌ലൈന്‍ ക്ലാസ് അനുവദിച്ചിരുന്നത്.
രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് സ്‌കൂള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുവരെ 12 വയസില്‍ താഴെ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസ് അനുവദിച്ചിരുന്നില്ല. 12 വയസിന് മുകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ വിതരണവും നടത്തിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ക്ലാസ് മുറികളിലേക്ക് അധ്യായനം മാറ്റുന്നതിന് കൊവിഡ് ഭീഷണി സൃഷ്ടിക്കുന്നില്ല. രാജ്യത്ത് അഞ്ചേകാല്‍ കോടി ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അധ്യാപകര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളും ഇന്റര്‍നാഷണല്‍ സ്‌കൂളുകളും ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുളള ഒരുക്കത്തിലാണ്. സൗദിയില്‍ 10 ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളുകളും 30 സിബിഎസ്ഇ പാഠ്യപദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുമാണുളളത്. ഇവിടങ്ങളില്‍ 70,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. പുതിയ തീരുമാനം വന്നതോടെ ഇന്ത്യന്‍ സ്‌കൂളുകളും 23 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.