Sauditimesonline

rahim and siddiq
കാത്തിരിപ്പിന്റെ കണ്ണീര്‍ക്കടല്‍ ഇനിയില്ല, മിടുമിടുക്കനായി റഹീം ജന്മനാട്ടില്‍

കാത്തിരിപ്പിന്റെ കണ്ണീര്‍ക്കടല്‍ ഇനിയില്ല, മിടുമിടുക്കനായി റഹീം ജന്മനാട്ടില്‍

നസ്‌റുദ്ദീന്‍ വി ജെ

വിമാനത്തില്‍ അബ്ദുല്‍ റഹീമും പവ്വര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരും

റിയാദ്: ശ്വാസമടക്കിപ്പിടിച്ച ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു; തോറ്റുകൊടുക്കാന്‍ മനസ്സില്ലാതിരുന്ന ഒരു നാട് ഒന്നിച്ച് പൊരുതി നേടിയ മഹാവിജയവുമായി കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം ഇന്ന് ജന്മനാട്ടില്‍ എത്തിച്ചേരും.
ഇരുപത് വര്‍ഷം മുന്‍പ്, 26ാം വയസ്സില്‍ കുടുംബം പുലര്‍ത്താനുള്ള വലിയ പ്രതീക്ഷകളോടെയാണ് റഹീം റിയാദില്‍ എത്തിയത്. എന്നാല്‍ പ്രവാസത്തിന്റെ 28ാം ദിവസം സംഭവിച്ച കൈപ്പിഴ റഹീമിനെ മരണത്തിന്റെ നിഴലിലേക്ക് തള്ളിവിട്ടു. സഊദി ബാലന്‍ മരിച്ച സംഭവത്തില്‍ റഹീം വധശിക്ഷയ്ക്ക് അരികില്‍ വരെ എത്തി. തുടര്‍ന്ന് രണ്ട് പതിറ്റാണ്ടുകാലം റഹീമിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷങ്ങളോ സന്തോഷങ്ങളോ ഉണ്ടായിരുന്നില്ല; പകരം പ്രാര്‍ത്ഥനകളും തേങ്ങലുകളും മാത്രമായിരുന്നു ബാക്കി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒത്തൊരുമിച്ച് 34 കോടി രൂപയുടെ ‘ദിയാധനം’ സമാഹരിച്ചു മരിച്ച ബാലന്റെ കുടുംബത്തിന് കോടതി വഴി കൈമാറി. ഇതോടെ മാപ്പു ലഭിച്ച റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത് മലയാളി കൂട്ടായ്മയുടെ ഫലമാണ്. പബഌക് റൈറ്റ് പ്രകാരം കോടതി വിധിച്ച 20 വര്‍ഷം തടവു ശിക്ഷ ഈ മാസം 20ന് പൂര്‍ത്തിയായി. ഇതോടെയാണ് മോചനം സാധ്യമായത്.

കഴിഞ്ഞ ദിവസങ്ങളില്‍ മോചന ഉത്തരവും ഫൈനല്‍ എക്‌സിറ്റ് വിസയും ഉള്‍പ്പെടെ നിയമനടപടികള്‍ അതിവേഗത്തിലാണ് പൂര്‍ത്തിയായത്. ഇന്ത്യന്‍ എംബസി നേരത്തെ തഎമര്‍ജന്‍സി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ തയ്യാറാക്കിയിരുന്നു. ഇന്നലെ വൈകുന്നേരം ജയിലില്‍ നിന്ന് നേരിട്ടാണ് റഹീമിനെ വിമാനത്താവളത്തില്‍ എത്തിച്ചത്.

ഇന്നലെ രാത്രി സഊദി സമയം 11:55ന് റിയാദില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 322 വിമാനത്തിലാണ് റഹീം ജന്മനാട്ടിലേക്ക് യാത്ര തിരിച്ചത്. അറബിക്കടലിനു മുകളിലൂടെ റഹീം സഞ്ചരിച്ച വിമാനം പറന്നുയര്‍ന്നപ്പോള്‍, പിന്നിലാക്കിയത് ഇരുണ്ട ജയില്‍ അറകളെ മാത്രമല്ല, ജീവിതത്തിലെ കറുത്ത അധ്യായങ്ങളെ കൂടിയാണ്.

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കുന്ന ബലിപെരുന്നാള്‍ ദിനത്തില്‍, ഇന്ന് രാവിലെ 7:35ന് റഹീം കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങും. ഇരുപത് വര്‍ഷത്തെ തടവറയിലെ നോവുകള്‍ ഉള്ളിലൊതുക്കി എത്തുന്ന റഹീമിനെ സ്വീകരിക്കാന്‍ ഉമ്മയും ഉറ്റവരും സഹായ സമിതി നേതാക്കളും വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ്.

കണ്ണീരും കാത്തിരിപ്പും മാത്രം ബാക്കിയായ കുടുംബത്തിലേക്ക് ഇരട്ടി മധുരവുമായിട്ടാണ് റഹീമിന്റെ മടക്കയാത്ര. അതുകൊണ്ടുതന്നെ ഇത്തവണത്തെ പെരുന്നാള്‍ പുലരിക്ക് ചരിത്രത്തിലില്ലാത്ത തിളക്കമുണ്ട്. അതിന്റെ വലിയ സന്തോഷം റിയാദിലെ പ്രവാസി സമൂഹത്തിനും പ്രത്യേകിച്ച് നിയമ സഹായ സമിതിക്കുമുണ്ട്. ഇന്ന് രാവിലെ കോഴിക്കോട് വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ നിന്ന് റഹീം പുറത്തേക്ക് വരുമ്പോള്‍, ആ ഉമ്മ മകനെ നെഞ്ചോട് ചേര്‍ത്തു പൊട്ടിക്കരയും; അത് കാത്തിരിപ്പിന്റെയും, സ്‌നേഹത്തിന്റെയും, ലോകമലയാളിയുടെ മാനവികതയുടെയും കണ്ണീരായിരിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top