എം. അബ്ദുല്‍ സലാം കണ്ടത്തില്‍ (പ്രസിഡന്റ്, സവ)

സൗദി അറേബ്യയിലെ ഓരോ മണല്‍ത്തരിക്കും പ്രവാസത്തിന്റെ കനല്‍ച്ചൂടുണ്ട്; ഒപ്പം കണ്ണീരിന്റെ നനവും. എന്നാല്‍, കനലിനെ കാരുണ്യത്തിന്റെ പനിനീര്‍പ്പൂക്കളാക്കി മാറ്റുന്ന ചില പുണ്യകാലങ്ങളുണ്ട്. അതിലൊന്നാണ് ഹജ്ജ് നാളുകള്‍. എന്നാല്‍, ഇത്തവണത്തെ ഹജ്ജ് നാളുകള്‍ക്ക് എന്റെ മനസ്സിന് ഒട്ടും സുഖമില്ല. വിശുദ്ധ നഗരത്തിലേക്ക് ദൈവത്തിന്റെ അതിഥികള്‍ ഒഴുകിയെത്തുമ്പോള്‍, അവര്‍ക്കായി ഒരിറ്റു സേവനം ചെയ്യാന്‍ കഴിയാതെ മുറിക്കുള്ളില്‍ ഒതുങ്ങിക്കൂടേണ്ടി വരുന്നതിന്റെ വലിയൊരു സങ്കടം ഉള്ളില്‍ വിങ്ങിപ്പൊട്ടുന്നുണ്ട്. ആ മനോവിഷമത്തിനിടയിലാണ്, എന്റെ ജീവിതത്തെ ധന്യമാക്കിയ, ഇരുപത്തഞ്ചു വര്‍ഷത്തെ ഹജ്ജ് സേവനത്തിന്റെ ഒരിക്കലും മായാത്ത ഓര്‍മ്മച്ചെപ്പ് തുറക്കുന്നത്. ഇത് മരുഭൂമിയിലെ വെയിലേറ്റു വാങ്ങിയ ചില മനുഷ്യസ്‌നേഹത്തിന്റെ കഥയാണ്.
ജിദ്ദയിലേക്കുള്ള വഴിമാറ്റം
ഗള്‍ഫ് പ്രവാസം തുടങ്ങുന്നത് 1991ല്‍ ദമ്മാമിലാണ്. അക്കാലത്ത് ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനി ജിദ്ദയില്‍ പുതിയൊരു ബ്രാഞ്ച് തുടങ്ങാന്‍ പോകുന്നതിന്റെ ഫയല്‍ ആകസ്മികമായി കണ്ണില്‍ പെട്ടു. ഉള്ളില്‍ ഒരു മിന്നല്‍ പോലെ ഒരാഗ്രഹം തോന്നി; ‘എനിക്കൊന്ന് ജിദ്ദയിലേക്ക് മാറാന്‍ കഴിഞ്ഞിരുന്നെങ്കില്‍… ഹറമിന്റെ സാമീപ്യത്തിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍…’ മനസ്സിന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയാകാം, ാഥന്‍ ആഗ്രഹം സാധിച്ചു തന്നു. അങ്ങനെ 2000ല്‍ ജിദ്ദയിലെത്തി. ആ വര്‍ഷത്തെ ഹജ്ജ് കാലം പ്രവാസജീവിതത്തിലെ ഏറ്റവും വലിയൊരു വഴിത്തിരിവായിരുന്നു.

മക്കയിലെ പെരുന്നാള്‍
ജിദ്ദയില്‍ എനിക്ക് സഹോദരതുല്യരായ സെയ്ദുമുഹമ്മദും രാജാ സാഹിബും ഒരു പെരുന്നാള്‍ തലേന്ന് ചോദിച്ചു: ‘നാളെ പെരുന്നാളല്ലേ സലാം, നമുക്ക് ഹാജിമാരെ കാണാന്‍ മക്കയിലേക്ക് പോയാലോ?’ അന്ന് ഞങ്ങളുടെ കൂട്ടത്തില്‍ ഒരു കുഞ്ഞു കാറുള്ളത് സെയ്ദുമുഹമ്മദിന് മാത്രമാണ്. കാശും വരുമാനവും നോക്കാതെ, കൂടെയുള്ളവരെ മനസ്സ് നിറഞ്ഞ് ഊട്ടാന്‍ സദാ സന്നദ്ധനായിരുന്ന വലിയൊരു തണലായിരുന്നു സെയ്ദുമുഹമ്മദ് സാഹിബ്.

അങ്ങനെ സുബഹി നമസ്‌കാരത്തിന് മുന്‍പ് ഞങ്ങള്‍ മക്കയിലേക്ക് വെച്ചുപിടിച്ചു. ഹറമില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ചു പുറത്തിറങ്ങി. നാട്ടിലാണെങ്കില്‍ പെരുന്നാള്‍ ദിവസം വീടുകളില്‍ ആഘോഷത്തിന്റെ അലയൊലികളാണ്. എന്നാല്‍ അവിടെ ഹാജിമാരുടെ മുഖത്ത് ആത്മീയതയുടെ ഗൗരവം മാത്രം. ഒന്നും അറിയാത്തവനെപ്പോലെ ഞാന്‍ കൂട്ടുകാരോടൊപ്പം നടന്നു. ഹറമിന്റെ തിരക്കില്‍ നിന്നും മാറി ഒരു ചെറിയ ബൂഫിയയില്‍ കയറി.
രാവിലത്തെ പ്രഭാത ഭക്ഷണം സാധാരണ സാന്‍ഡ്‌വിച്ചും കട്ടന്‍ചായയുമായിരുന്നു. കട്ടന്‍ചായ ഊതിക്കുടിക്കുമ്പോള്‍ എന്റെ മനസ്സ് ഓടിയെത്തിയത് സ്വന്തം നാട്ടിലെ പെരുന്നാള്‍ പുലരികളിലേക്കാണ്. ഉമ്മയുടെ കൈപ്പുണ്യമുള്ള അരിപ്പത്തിരിയും പോത്തിറച്ചിക്കറിയും ഓര്‍മ്മയിലേക്ക് ഇരച്ചുകയറി. കുട്ടിക്കാലത്ത് കടുത്ത പട്ടിണിയായിരുന്നിട്ടും, ഒരു കഷണം ഇറച്ചി കൂട്ടി വയറുനിറയെ തിന്നാന്‍ കിട്ടിയിരുന്നത് ഒരേയൊരു പെരുന്നാള്‍ ദിനം! ഓര്‍ക്കുമ്പോള്‍ മനസ്സ് പിടഞ്ഞു!
മിനയിലെ കാല്‍നട

ചായകുടി കഴിഞ്ഞ് കാര്‍ മിന ലക്ഷ്യമാക്കി വിട്ടു. അക്കാലത്ത് ഇന്നത്തെപ്പോലെ വിപുലമായ റോഡുകളോ കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളോ ഇല്ല. ‘ഹജ്ജ് വോളന്റിയര്‍’ എന്ന വാക്ക് പോലും ആരും കേട്ടു തുടങ്ങിയിട്ടില്ലാത്ത കാലം. വണ്ടി ദൂരെ പാര്‍ക്ക് ചെയ്ത് കിലോമീറ്ററുകളോളം വെയിലത്ത് നടന്നു വേണം മിനായിലെ ടെന്റുകളിലെത്താന്‍. പക്ഷേ, ഹാജിമാരെ കാണാനും മിനയുടെ പുണ്യഭൂമിയിലൂടെ നടക്കാനുമുള്ള ആവേശത്തില്‍ അന്നത്തെ ചെറുപ്പവും ചുറുചുറുക്കും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല.
പൈപ്പ് വെള്ളം മാത്രം കുടിച്ച് കിലോമീറ്ററുകള്‍ നടന്ന് മിനയിലെ ടെന്റുകള്‍ക്കിടയിലൂടെ അലഞ്ഞു. ഉമ്മയുടെ ബന്ധുവായ കാക്കാഴത്തെ ശിഹാബ് ഇക്കയുടെ ഉമ്മയെ തിരഞ്ഞുപിടിച്ച് കണ്ടത് ഇന്നും മനസ്സില്‍ മായാത്ത ചിത്രമാണ്. വല്ലാത്തൊരു ആത്മസംതൃപ്തിയായിരുന്നു കൂടിക്കാഴ്ച. അന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ വളരെ വൈകി, മിനയിലെ തിരക്കിനിടയില്‍ നിന്ന് എന്തോ വാങ്ങി വിശപ്പടക്കി.
‘സവ’യുടെ പിറവി
ഇത്തരം അനുഭവങ്ങളില്‍ നിന്നാണ് പ്രവാസി കൂട്ടായ്മ രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെ ‘സവ’ (സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍) പിറവിയെടുത്തു. പിന്നീട് ഒട്ടനവധി സംഘടനകള്‍ ഈ രംഗത്തേക്ക് കടന്നുവന്നു.
സവയുടെ പ്രവര്‍ത്തനത്തിന്റെ രണ്ടാം വര്‍ഷം മുതല്‍ ഞങ്ങള്‍ ഭക്ഷണ വിതരണം പ്രധാന സേവനമായി ഏറ്റെടുത്തു. അതിനൊരു പ്രത്യേക കാരണമുണ്ട്. തുടക്കത്തില്‍ വെറും 10 പേര്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ട് ആരംഭിച്ച ആ സംരംഭം, പിന്നീട് നൂറുകണക്കിന് ഹാജിമാര്‍ക്ക് ഒരേസമയം ഭക്ഷണമെത്തിക്കുന്ന വലിയൊരു കാരുണ്യപ്രസ്ഥാനമായി മാറി. അതിനുവേണ്ടി സവയുടെ പ്രസിഡന്റ് മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ രാപ്പകലില്ലാതെ ഉറക്കമൊഴിച്ച് കഠിനാധ്വാനം ചെയ്തു. മറ്റ് ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികള്‍ സവയോടൊപ്പം കൈകോര്‍ത്തു.

അല്ലാഹുവിന്റെ അതിഥികളെ സഹായിക്കാന്‍ മത്സരബുദ്ധിയോടെ രംഗത്തിറങ്ങിയ ഇന്ത്യന്‍ വോളന്റിയര്‍മാര്‍ക്ക് സൗദി ഗവണ്‍മെന്റും ഇന്ത്യന്‍ കോണ്‍സുലേറ്റും വലിയ പിന്തുണയും പ്രശംസകളുമാണ് നല്‍കിയത്. ലോകത്തിന് മുന്നില്‍ തന്നെ ഇന്ത്യക്കാരായ വോളന്റിയര്‍മാര്‍ മാതൃകയായി മാറി. ആ കൂട്ടായ്മയുടെ കരുത്തില്‍ 2024 വരെ വളരെ മികച്ച രീതിയില്‍ ഹജ്ജ് സേവനം നടത്താന്‍ കഴിഞ്ഞു.
ഡിജിറ്റല്‍ കാലത്തെ മാറ്റങ്ങള്‍
ഇന്ന് കാലം മാറി. ഹജ്ജ് കര്‍മ്മങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്ത ഹൈടെക് സംവിധാനമാണ്. മുന്‍കാലങ്ങളില്‍ ഏറ്റവും ശ്രമകരമായ ദൗത്യം വഴിതെറ്റിപ്പോകുന്ന ഹാജിമാരെ കണ്ടെത്തുക എന്നതായിരുന്നു. എന്നാല്‍ ഇന്ന് ഒരു ഹാജി വഴിതെറ്റിയാല്‍, അവരുടെ കൈകളിലുള്ള ‘നുസുകി’ല്‍ രേഖപ്പെടുത്തിയ ഐഡന്റിറ്റിനോക്കി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് താമസം അനായാസം കണ്ടെത്താനാകും. കാലഘട്ടത്തിനനുസരിച്ച് അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവന്ന സൗദി ഭരണാധികാരികളെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

കഴിഞ്ഞ വര്‍ഷം കടുത്ത നിയന്ത്രണങ്ങള്‍ വന്നു. ഭക്ഷണ വിതരണത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ എണ്ണൂറോളം ഹാജിമാര്‍ക്ക് ഭക്ഷണമെത്തിക്കാനും എയര്‍പോര്‍ട്ടില്‍ അവരെ സ്വീകരിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ഷം നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. കാറ്ററിംഗ് ലൈസന്‍സ്, ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ്, ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത നിയമങ്ങളാണ് നടപ്പിലാക്കിയത്.
പ്രവാസികളോട്
ഹജ്ജ് കാലത്ത് മക്കയിലേക്കുള്ള പ്രവേശനം കര്‍ശനമായി വിലക്കാന്‍ ഒരു കാരണം നമ്മുടെ പ്രവാസി സമൂഹം തന്നെയാണ്. ഇവിടെ താമസിക്കുന്ന നമ്മള്‍ എത്രയോ തവണ ഉംറ ചെയ്തിട്ടുണ്ടാകും. എന്നാല്‍ ദൂരദേശങ്ങളില്‍ നിന്നു ജീവിതകാലം മുഴുവന്‍ സമ്പാദിച്ച കാശുമായി വരുന്ന ദൈവത്തിന്റെ അതിഥികള്‍ക്ക് സമാധാനത്തോടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വഴിമാറിക്കൊടുക്കുന്നതിന് പകരം, ഹജ്ജ് വേളയിലും ഉംറ ചെയ്യാനായി തിരക്കുകൂട്ടുന്ന പ്രവണത പലര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ പുതിയ നിയന്ത്രണങ്ങള്‍ സ്വാഗതാര്‍ഹമാണ്.
ഈ വര്‍ഷം ഹജ്ജിനെത്തിയിട്ടുള്ള എല്ലാ ഹാജിമാര്‍ക്കും കര്‍മ്മങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ! അവരുടെ ഹജ്ജും ഉംറയും പ്രാര്‍ത്ഥനകളും സര്‍വ്വശക്തനായ നാഥന്‍ സ്വീകരിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു… ആമീന്‍!

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






