Sauditimesonline

Photo - 2 - PERUNNAL RAAV - KKDNZ (1)
സുല്‍ത്താന്‍ ബത്തേരിയേക്കാള്‍ ഗമയുള്ളൊരു കോഴിക്കോടന്‍ നോസ്റ്റാള്‍ജിയ

സുല്‍ത്താന്‍ ബത്തേരിയേക്കാള്‍ ഗമയുള്ളൊരു കോഴിക്കോടന്‍ നോസ്റ്റാള്‍ജിയ

റിയാദ്: ഓര്‍മ്മകളുടെ സുല്‍ത്താന്‍ ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘സുല്‍ത്താന്‍ ബത്തേരി’യേക്കാള്‍ ഗമയുള്ളൊരു കോഴിക്കോടന്‍ പെരുന്നാള്‍ രാവ് റിയാദിലെ മണല്‍പ്പരപ്പിലേക്ക് ഇറങ്ങിവന്നു. പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എവിടെയോ നഷ്ടപ്പെട്ടുപോയെന്ന് കരുതിയ ആ പഴയ ജാലിയന്‍ വാലാബാഗ് റോഡിന്റെയും വലിയങ്ങാടിയുടെയും നൊസ്റ്റാള്‍ജിയ റിയാദിലെ മലയാളി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ അക്ഷരാര്‍ത്ഥത്തില്‍ പുനഃസൃഷ്ടിച്ചു.

റേഡിയോയില്‍ നിന്നു ഒഴുകിയെത്തിയ ‘മാസപ്പിറവി കണ്ടു’ എന്ന ആ പഴയ അനൗണ്‍സ്‌മെന്റും, അതിനെത്തുടര്‍ന്ന് മനസ്സില്‍ പെയ്തിറങ്ങിയ തക്ബീര്‍ ധ്വനികളും കേട്ടപ്പോള്‍ കണ്ടുനിന്ന പല പ്രവാസികളുടെയും കണ്ണ് നനഞ്ഞു. അങ്ങകലെ ജന്മനാട്ടിലെ തയ്യല്‍ക്കടയിലേക്ക് പുതുവസ്ത്രത്തിനായി ഓടിയ ഓട്ടവും, പെരുന്നാള്‍ തലേന്നത്തെ മൈലാഞ്ചിച്ചോപ്പും, അടുക്കളയില്‍ നിന്നും ഉയര്‍ന്ന കോഴിക്കോടന്‍ ബിരിയാണിയുടെ മണവും എല്ലാം അതേ തനിമയോടെ റിയാദിന്റെ മണ്ണിലേക്ക് ആവാഹിച്ചു.

കോഴിക്കോട്ടുകാരുടെ ഹൃദയമിടിപ്പായ ‘മിഠായിത്തെരുവ്’ അതിന്റെ എല്ലാ ഭാവങ്ങളോടെയുമാണ് റിയാദില്‍ പുനര്‍ജനിച്ചത്. വര്‍ഷങ്ങളായി കോഴിക്കോട്ടുകാര്‍ നെഞ്ചിലേറ്റുന്ന പഴയകാല പീടികകളുടെ ബോര്‍ഡുകള്‍ തന്നെയാണ് കടകള്‍ക്ക് നല്‍കിയത്. ഒരു വശത്ത് കട്ടികൂടിയ കോഴിക്കോടന്‍ ഹലുവ മുറിച്ചു നല്‍കുന്ന ഇക്കാക്കമാര്‍. മറുവശത്ത് കുപ്പിവളകളും ഫാന്‍സി സാധനങ്ങളുമായി സ്ത്രീകളുടെ തിരക്ക്. ഇതിനിടയിലൂടെ കള്ളിത്തുണിയും ബനിയനും ധരിച്ച്, ചുമട്ടു തൊഴിലാളി യൂണിയനുകളുടെ മുദ്ര പതിപ്പിച്ച തോര്‍ത്തുമുണ്ടുമിട്ട് നീങ്ങുന്ന ചുമട്ടുകാര്‍.

തെരുവ് ഗായകരുടെ പാട്ടും, ഉന്തുവണ്ടിയിലെ ഐസ് കച്ചവടക്കാരന്റെ മണിനാദവും, ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും നിരത്തിവെച്ച തട്ടുകടകളും, ചായക്കടയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും കയ്യാങ്കളിയും വരെ കണ്ടപ്പോള്‍ സന്ദര്‍ശകര്‍ ഒന്നുറപ്പിച്ചു, ഇത് റിയാദല്ല, സാക്ഷാല്‍ മിഠായ്‌ത്തെരുവ് തന്നെ! കുട്ടികള്‍ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും രാവിനെ വര്‍ണ്ണാഭമാക്കിയപ്പോള്‍, മൈലാഞ്ചി രാവുകളുടെ ഓര്‍മ്മ പുതുക്കി ഒപ്പനച്ചുവടുകളും ഗാനമേളയും അരങ്ങുതകര്‍ത്തു.

നാടിന്റെ സ്പന്ദനമായ കൊച്ചു മിഠായിത്തെരുവ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത് ‘കോഴിക്കോടന്‍സിന്റെ’ മുതിര്‍ന്ന കാരണവരും ലുഹ ഗ്രൂപ്പ് ചെയര്‍മാനുമായ ബഷീര്‍ പാരഗണ്‍ ആയിരുന്നു. ചീഫ് ഓര്‍ഗനൈസര്‍ കെ.സി. ഷാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സംഗമം റിയാദിലെ കോഴിക്കോട്ടുകാരുടെ സ്‌നേഹസംഗമമായി മാറി.

വി.കെ.കെ. അബ്ബാസ്, മൈമൂന ടീച്ചര്‍, മുനീബ് പാഴൂര്‍, ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്‌യുദ്ധീന്‍, റാഫി കൊയിലാണ്ടി, കബീര്‍ നല്ലളം തുടങ്ങിയവര്‍ സംബന്ധിച്ചു. അനില്‍ മാവൂര്‍, നിഹാദ് അന്‍വര്‍, മുഹമ്മദ് ഷാഹിന്‍ തുടങ്ങി വലിയൊരു സംഘം ഭാരവാഹികളും വനിതാ വിംഗ് പ്രതിനിധികളായ മുംതാസ് ഷാജു, സജീറ ഹര്‍ഷദ്, സുമിത മുഹ്‌യുദ്ധീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നിരയും പെരുന്നാള്‍ രാവിനെ പ്രവാസലോകത്തെ ഏറ്റവും സുന്ദരമായ ഓര്‍മ്മച്ചിത്രമാക്കി മാറ്റി. നാട്ടില്‍ പോകാത്ത പ്രവാസികള്‍ക്ക് റിയാദിലെ ഈ മിഠായിത്തെരുവ് കേവലമൊരു കാഴ്ചയായിരുന്നില്ല; മറിച്ച്, കണ്ണീരും പുഞ്ചിരിയും കലര്‍ന്ന ഒരുപിടി ഗൃഹാതുര സ്മരണകളുടെ മധുരമുള്ള ഹലുവത്തുണ്ടായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top