
റിയാദ്: മലയാളിയുടെ മതനിരപേക്ഷതക്ക് വിലപറഞ്ഞതിന്റെ ഷോക് ട്രീറ്റ്‌മെന്റാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് സൗദി കെഎംസിസി നാഷനല്‍ കമ്മിറ്റി. ഭരണ തലത്തില്‍ മുച്ചൂടും പരാജയപ്പെട്ട ഇടതുപക്ഷം കുറുക്കു വഴിയില്‍ വിജയം നേടാനുളള ശ്രമത്തിനേറ്റ തിരിച്ചടായാണ് ഫലം പ്രതിഫലിപ്പിക്കുന്നത്. യുഡിഎഫിനെ പിന്തുണച്ച കേരളത്തിലെ വോട്ടര്‍മാര്‍ക്കും പ്രവാസ ലോകത്ത് യുഡിഎഫിന്റെ വിജയത്തിനു പ്രവര്‍ത്തിച്ച പ്രവാസികള്‍ക്കും കെഎംസിസി നന്ദി അറിയിച്ചു. ഒറ്റകെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും കെഎംസിസി അഭിനന്ദിച്ചു.

ഭരണവിരുദ്ധ തരംഗമുണ്ടെന്ന് കണ്ടപ്പോള്‍ അഭ്രപാളിയിലെ അവസാന അടവുകളുമായി പലരെയും കൂട്ടുപിടിച്ച് രംഗത്ത് വന്നിട്ടും പ്രബുദ്ധരായ കേരളത്തിന്റെ മക്കള്‍ ചുട്ട മറുപടിയാണ് നല്‍കിയത്. ഒരു ദശകത്തിന്റെ ധാര്‍ഷ്ട്യവും ഏകാധിപത്യത്തിന്റെ സ്വരവും സകല മേഖലകളിലെയും തകര്‍ച്ചയും കേരളത്തിന്റെ മനസ്സിനെ നന്നായി വേദനിപ്പിച്ചതിന് മറുപടി നല്‍കാനുള്ള ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു കേരളത്തിലെ ഉല്ബുദ്ധരായ വോട്ടര്‍മാര്‍.
കേരളത്തിലെ പൊതുസമൂഹത്തിനും അതുപോലെ പ്രവാസികള്‍ക്കും നല്‍കിയ പല ഉറപ്പുകളും ജലരേഖയായിരുന്നു.

പ്രവാസികളെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പലപ്പോഴായി ഗള്‍ഫ് നാടുകളിലെത്തിയപ്പോഴും വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. എല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി. ഒടുവില്‍ കൊണ്ടുവന്ന നോര്‍ക്ക കെയറും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ ആനുകൂല്യം കിട്ടേണ്ട മുന്‍പ്രവാസികളും കുടുംബങ്ങളും പുറത്തായി. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പ്രഖ്യാപിച്ച ഈ പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ നല്‍കിയ സമയ പരിധിയും അതിലെ നടപടികള്‍ക്കുള്ള ധൃതിയുമെല്ലാം തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രവാസികള്‍ക്ക് മുമ്പില്‍ വെക്കാനുള്ള പദ്ധതി മാത്രമായി മാറുകയായിരുന്നു.

അതേപോലെ ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടുന്ന സംസ്ഥാനമായ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഇത്രയധികം തകര്‍ന്ന കാലഘട്ടം മുമ്പുണ്ടായിട്ടില്ല. എന്നിട്ടും കോടികള്‍ വാങ്ങിക്കൂട്ടി രക്ഷപ്പെടാനാവാത്ത വിധം വീണ്ടും കടം വാങ്ങി നാടിനെ മുടിപ്പിക്കുന്നവരെ മലയാളികള്‍ തിരിച്ചറിഞ്ഞതാണ് ഈ ഫലത്തിന്റെ മറ്റൊരു വശം. ഷോ വര്‍ക്കുകള്‍ നടത്തി മലയാളിയുടെ മനസ്സില്‍ കുടികൊള്ളാനായിരുന്നു ഭരണകൂടത്തിന്റെ ശ്രമം.
ഭൂരിപക്ഷ വോട്ടില്‍ കണ്ണും നട്ട് ന്യൂനപക്ഷങ്ങളെ വര്‍ഗീയമായി വേര്‍തിരിച്ച് വിഭജിച്ച് വിജയം ലക്ഷ്യമാക്കിയവരുടെ മുഖംമൂടി വലിച്ചുകീറുകയായിരുന്നു കേരള ജനത. വര്‍ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ തോളിലേറ്റിയും കിറ്റുകള്‍ കാണിച്ചും പെന്‍ഷന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയും ജനങ്ങളെ കൂടെ നിര്‍ത്താമെന്ന വ്യാമോഹത്തിന് ഇടതുപക്ഷത്തിന്റെ ഇടനെഞ്ചിലാണ് വോട്ടര്‍മാര്‍ പ്രഹരിച്ചത്. മലപ്പുറത്ത് ചീറ്റിയ വിഷം സിപിഎമ്മിന്റെ മസ്തിഷ്‌കത്തിലാണ് തിരിച്ചു പതിച്ചത്. ഒരു ഭാഗത്ത് ശബരിമല ആഗോള സംഗമം സംഘടിപ്പിച്ചപ്പോള്‍ അതേ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് തന്നെ വിശ്വാസികളുടെ മനസ്സ് വ്രണപ്പെടുത്തി സ്വര്‍ണ്ണകൊള്ള നടന്നതും അതില്‍ സി പി എം നേതാക്കള്‍ ഉള്‍പെട്ടതും ഇടതിന്റെ കാപട്യം തുറന്നു കാട്ടുന്നതായിരുന്നു .

പിഎം ശ്രീയിലും ലേബര്‍ കോഡിലും ബിജെപിയുടെ കുതന്ത്രങ്ങള്‍ക്ക് മൗനാനുവാദം നല്‍കിയത് പാര്‌ലിമെട്ന്റില്‍ ബി ജെ പി മന്ത്രി തന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ഉടുതുണി അഴിഞ്ഞ അവസ്ഥയിലായിരുന്നല്ലോ പിണറായി സര്‍ക്കാര്‍. ഇടതിന്റെ ഹിഡന്‍ അജണ്ടകള്‍ക്ക് കേരളത്തിന്റെ മണ്ണ് വളക്കൂറുള്ളതല്ലെന്ന് അറിയിച്ച് കേരളത്തില്‍ ആഞ്ഞുവീശിയ ഈ കാറ്റ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റായി മാറും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് പോലെ ഇതൊരു സെമി ഫൈനലില്‍ ആയിരുന്നു. ഇടതു പോസ്റ്റില്‍ ഗോവര്‍ഷം നടത്തി യു ഡി എഫ് അവിസ്മരണീയ വിജയം നേടിക്കഴിഞ്ഞു. ഫൈനലില്‍ നിയമസഭ തൂത്തുവാരുകയാണ് ലക്ഷ്യമെന്ന് കെഎംസിസി നാഷനല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






