
റിയാദ്: സൗദി അറേബ്യയില്‍ ഫൈനല്‍ എക്‌സിറ്റ് നേടിയ 13 മലയാളി നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ദുരിതത്തില്‍. തൊഴില്‍ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ നാട്ടിലെത്തേണ്ടവരാണിവര്‍. ഏറെ സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ മൂന്നു മാസം മുമ്പേ ഇവര്‍ പെട്ടികള്‍ പായ്ക്ക് ചെയ്ത് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. യാത്ര അനിശ്ചിതാവസ്ഥയിലായതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ അല്‍ ഹസ മെറ്റേണിറ്റി ആന്റ് ചില്‍ല്‍ഡ്രന്‍സ് ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. കോണ്‍ട്രാക്ട് അവസാനിച്ചതോടെ ഹോസ്റ്റലില്‍ കഴിയുന്ന ഇവര്‍ക്ക് സുഹൃത്തുക്കളാണ് ഭക്ഷണം നല്‍കുന്നത്. മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ പോലും പണം കയ്യിലില്ലെന്ന് ഇവര്‍ പറഞ്ഞു. വന്ദേ ഭാരത് മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ പരിഗണിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. ആതിര ചെമ്പന്‍ചിറയില്‍ രാജു, അശ്വതി കൃഷ്ണന്‍, ജിനോ കളമ്പറമ്പന്‍ ജോയ്, സുജിഷ ലാല്‍ തൊറ്റിയില്‍, ബിറ്റി ബാബു ഉപ്പായ്, അനു തോമസ്, ലിന്റ്റാ തോമസ്, നീതു ചന്ദ്രന്‍ തെക്കേപ്പറമ്പില്‍, മിത മൈക്കിള്‍, അയ്‌ന ഡാന്റെ, ഷീന മാത്യു, അഖില ലിസി വര്‍ക്കി, നീതുമോള്‍ ചക്കാലപടവില്‍ മാത്യൂ എന്നിവരുടെ യാത്രയാണ് അനിശ്ചിതമായി നീളുന്നത്.
മിഷന്‍ വന്ദേ ഭാരതിന്റെ ജൂണ്‍ 1 മുതല്‍ 6 വരെയുളള ഷെഡ്യൂളുകളില്‍ കേരളത്തിലേക്ക് സര്‍വീസില്ല. അതുകൊണ്ടുതന്നെ ഇവരുടെ കാത്തിരിപ്പ് നീളുകയാണ്. ആരോഗ്യ മന്ത്രാലയം സൗദി എയര്‍ലൈന്‍സിന്റെ സൗജന്യ ടിക്കറ്റ് ഇവര്‍ക്ക് നല്‍കിയിരുന്നു. അത് ഉപേക്ഷിച്ചാണ് സ്വന്തം ചെലവില്‍ വന്ദേ ഭാരത് മിഷന്‍ സര്‍വീസില്‍ നാട്ടിലെത്താന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത്. യാത്ര മുടങ്ങിയതോടെ മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






