Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

മാര്‍പ്പാപ്പ ലോക സമാധാനത്തിന് ജീവിതം സമര്‍പ്പിച്ച ആത്മീയ പ്രതിഭ: ഡോ. സിദ്ധീഖ് അഹമ്മദ്

ദമ്മാം: മാര്‍പ്പാപ്പയുടെ അനുഗ്രഹവും സ്‌നേഹവും ഏറെ നേരം അനുഭവിക്കാന്‍ സാധിച്ച ഓര്‍മ്മകളുടെ നിറവിലാണ് സൗദിയിലെ പ്രമുഖ വ്യവസായിയും പ്രവാസ ഭാരതീയ സമ്മാന്‍ ജേതാവുമായ ഇറാം ഗ്രൂപ് സി.എം.ഡി ഡോ: സിദ്ധീഖ് അഹമ്മദ്. മാര്‍പ്പാപ്പ കാലം ചെയ്ത വാര്‍ത്ത ലോകത്തിന് തീരാനഷ്ടമാകുമ്പോഴും സ്വകാര്യ ദുഖമായി മാര്‍പ്പാപ്പായുടെ വേര്‍പാട് സിദ്ധീഖില്‍ നിറയുകയാണ്. ലോകത്ത് സമാധാനത്തിന് വേണ്ടി വാദിച്ച ആത്മിയ പ്രതിഭയെ കാണാന്‍ അപ്രതീക്ഷിതമായാണ് സിദ്ധീഖിന് അവസരം ലഭിച്ചത്. ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളില്‍ ഒന്നായാണ് ഇതിനെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുന്നതെന്ന് ഡോ. സിദ്ധീഖ് അഹമ്മദ് പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വ മത സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു ഡോ. സിദ്ധീഖ് അഹമ്മദ് വത്തിക്കാനില്‍ എത്തിയത്. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വ മത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വ്യത്യസ്ഥ മതസ്ഥര്‍ ഒന്നിച്ചു ചേരുകയായിരുന്നു അവിടെ. ‘നല്ല മാനവികതക്ക് മതങ്ങള്‍ ഒന്നിച്ച്’ എന്നായിരുന്നു സമ്മേളനത്തിന്റെ ആപ്ത വാക്യം.

സമ്മേളനത്തില്‍ ആശിര്‍വാദ പ്രഭാഷണം നടത്താന്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി സംസാരിക്കാന്‍ ഡോ. സിദ്ധീഖിന് അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പുഞ്ചിരിയാണ് ഏറ്റവും വലിയ സന്ദേശം എന്നാണ് തോന്നിയതെന്ന് സിദ്ധീഖ് അനുസ്മരിച്ചു. എനിക്കും കുടുംബത്തിനും അദ്ദേഹം തന്ന സ്വീരണവും വിലപ്പെട്ട സമയവും ആദരവോടെ ഓര്‍ക്കുന്നു. അദ്ദേഹത്തെ അന്ന് ഞാന്‍ ഷാള്‍ അണിയിച്ചു. പുസ്തകങ്ങള്‍ സമ്മനമായി നല്‍കി. അതെല്ലാം അദ്ദേഹം ഏറെ ഇഷ്ടത്തോടെ സ്വീകരിച്ചു. ഞങ്ങള്‍ ആ സന്നിധിയില്‍ ചെലവഴിച്ച സമയങ്ങളുടെ ഉന്മേഷം ഇന്നും ഞങ്ങളില്‍ നിലനില്‍ക്കുന്നു.

അദ്ദേഹം പറഞ്ഞതെല്ലാം സ്‌നേഹം, സമാധാനം, ഒരുമ എന്നിവയെക്കുറിച്ചായിരുന്നു. ഒരു മനുഷ്യന് സന്തോഷമായി ജീവിക്കാന്‍ മതം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ആത്മീയ നേതാവായിരിക്കുമ്പോഴും അങ്ങനെ പറയാന്‍ കാണിച്ച വിശാലത അല്‍ഭുതപ്പെടുത്തി. ഇത് ലോകം ഏറ്റെടുത്തിരുന്നെങ്കിലെന്ന് അറിയാതെ ആഗ്രഹിച്ചുപോയെന്ന് ഡോ. സിദ്ധീഖ് പറഞ്ഞു. ശിവഗിരി സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെക്കുറിച്ച് സംസാരിച്ചു. തീര്‍ച്ചയായും അദ്ദേഹം ലോക ജനതക്ക് തണലും, ആശ്വാസവുമായിരുന്നു. അതാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ ഓര്‍മ്മകളെ നിലനിര്‍ത്തേണ്ടത് മാര്‍പ്പിപ്പ ഉയര്‍ത്തിയ സമാധാനത്തിന്റെ ആശയങ്ങളിലുടെയാവണമെന്നും ഡോ. സിദ്ധീഖ് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top