Sauditimesonline

metro orange line
നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍

നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍

റിയാദ്: യാത്രക്കാരുടെ എണ്ണം 20 കോടി കടന്നതോടെ തലസ്ഥാന നഗരിയിലെ റിയാദ് മെട്രോ സേവനത്തിന് ചരിത്ര നേട്ടം. പൊതുഗതാഗത സംവിധാനം ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് എന്നതിന് തെളിവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ്. മെട്രോ സേവനം ആരംഭിച്ചതിന് ശേഷം യാത്രക്കാരുടെ എണ്ണം സ്ഥിരമായി ഉയര്‍ന്നുവരികയാണെന്ന് വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന റിയാദ് റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 10 കോടി യാത്രക്കാരെ മറികടന്നതിന് പിന്നാലെ കുറഞ്ഞ കാലയളവിനുള്ളിലാണ് ഇരുപത് കോടി എന്ന പുതിയ നേട്ടം കൈവരിച്ചത്.

ആറ് പ്രധാന മെട്രോ ലൈന്‍കള്‍ ഉള്‍പ്പെടുന്ന നെറ്റ്‌വര്‍ക്കില്‍ ഒലയ റോഡിലെ ബ്ലൂ ലൈന്‍ ആണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉപയോഗപ്പെടുത്തിയത്. ആകെ യാത്രക്കാരില്‍ 45 ശതമാനം ഈ പാതയിലൂടെയാണ് സഞ്ചരിച്ചത്. കിംഗ് അബ്ദുല്ല റോഡ് വഴിയുള്ള റെഡ് ലൈന്‍ 16 ശതമാനവും മദീന റോഡ് വഴിയുള്ള ഓറഞ്ച് ലൈന്‍ 14 ശതമാനവും യാത്രക്കാരെ കൈകാര്യം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

മെട്രോ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ട്രെയിനുകള്‍ 32.2 മില്യണ്‍ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു 11.3 ലക്ഷം ട്രിപ്പ് പൂര്‍ത്തിയാക്കയ, ട്രെയിന്‍ സര്‍വ്വീസ് 99.81 ശതമാനം സമയനിഷ്ട പാലിച്ചതായും അധികൃതര്‍ വ്യക്തമാക്കി. നഗരത്തിലെ പ്രധാന സ്‌റ്റേഷനുകളായ ഖസര്‍ അല്‍ ഹുകം, കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, എസ്.ടി.സി. സ്‌റ്റേഷന്‍, നാഷണല്‍ മ്യൂസിയം സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരെത്തുന്നത്. നിരവധി മെട്രോ ലൈന്‍കളെ ബന്ധിപ്പിക്കുന്ന ഈ കേന്ദ്രങ്ങള്‍ നഗര ഗതാഗതത്തിന്റെ സുപ്രധാന കേന്ദ്രങ്ങളാണ്.

2024 ഡിസംബര്‍ ഒന്നിനാണ് 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ് ലൈനുകള്‍ അടങ്ങിയ മെട്രോ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാത്ത മെട്രോ നെറ്റ്‌വര്‍ക്കുകളില്‍ ഒന്നാണ് റിയാദ് മെട്രോ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top