
റിയാദ്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ ഉണ്ടായ കെഎസ്‌യു ആക്രമണം ഹീനമായ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും വനിതാ മന്ത്രിക്കെതിരായ ശാരീരികാക്രമണം അതീവ ഗൗരവമുള്ള സംഭവമാണെന്നും കേളി സെക്രട്ടറിയേറ്റ്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്നത് സാധാരണ പ്രതിഷേധമല്ല. മറിച്ച് അക്രമികളുടെ സംഘടിത വിളയാട്ടമാണെന്നും കേളി ആരോപിച്ചു. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും ശാരീരികാക്രമണത്തിലൂടെ അത് പ്രകടിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ല.

കേരളത്തിലെ പൊതുജനാരോഗ്യ മേഖല രാജ്യത്ത് തന്നെ മികച്ച സംവിധാനങ്ങളിലൊന്നാണ്. വിവിധ ദേശീയ ഏജന്‍സികള്‍ അതിനെ അംഗീകരിച്ചിട്ടുണ്ട്. വര്‍ഷം 13 കോടി ആളുകള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ 47 പരാതികളാണ് ഉയര്‍ന്നു വന്നത്. സര്‍ക്കാര്‍ ആരോഗ്യ മേഖലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ആക്രമണങ്ങളിലൂടെ നടക്കുന്നതെന്നും കേളി ആരോപിച്ചു.

സ്വകാര്യ മേഖലയില്‍ ഉയരുന്ന പരാതികളോട് മിണ്ടാതിരിക്കുന്ന പ്രതിപക്ഷം, സര്‍ക്കാര്‍ മേഖലയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് ഇരട്ടത്താപ്പാണ്. കേരളത്തിലെ സര്‍വമേഖലയെയും ഇരുണ്ട കാലത്താക്കിയ പ്രതിപക്ഷത്തെ കഴിഞ്ഞ പത്ത് വര്‍ഷം ജനം അധികാര പരിധിയില്‍ നിന്നകറ്റി.

ദുരന്തത്തെ പോലും പണപ്പിരിവിനുള്ള മാര്‍ഗമാക്കി മാറ്റിയ പ്രതിപക്ഷം ജനങ്ങളുടെ ചോദ്യത്തില്‍ നിന്നു ശ്രദ്ധ തിരിക്കുന്നതിനാണ് ആഭാസ സമരങ്ങളുമായി തെരുവില്‍ ഇറങ്ങുന്നതെന്ന് കേളി കുറ്റപ്പെടുത്തി. ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളെ ജനങ്ങള്‍ തള്ളിക്കളയും. ആക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്നും കേളി ഓര്‍മിപ്പിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






