Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

തിരുവനന്തപുരം യാത്രക്കാര്‍ക്ക് പ്രതീക്ഷ; ‘സൗദിയ’ സര്‍വീസ് പുനരാരംഭിക്കുന്നത് പരിഗണനയില്‍

റിയാദ്: ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അനുമതി ലഭിച്ചാല്‍ റിയാദ്-തിരുവനന്തപുരം സെക്ടറില്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ്. തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറവുമായി നടത്തിയ ചര്‍ച്ചയിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഫ്‌ളൈ നാസ്, സൗദിയിലെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക) ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഗാകാ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ സുലൈജ് അധ്യക്ഷത വഹിച്ചു. സൗദി എയര്‍ലൈന്‍സ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഇബ്രാഹിം അല്‍ ഒമര്‍, മോസായിദ് അല്‍ മോസായിദ് എന്നിവര്‍ ഉള്‍പ്പെടെ മുതിര്‍ന്ന പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പാസഞ്ചേഴ്‌സ് ഫോറത്തെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, മീഡിയ കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി, ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര, ട്രഷറര്‍ ബഷീര്‍ കോട്ടയം എന്നിവര്‍ സന്നിഹിതരായിരുന്നു. തമിഴ് സമൂഹത്തെ പ്രതിനിധീകരിച്ച് ഇംതിയാസ് അഹമ്മദും പങ്കെടുത്തു. ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ചയില്‍ തിരുവനന്തപുരം-സൗദി സര്‍വീസുകളുടെ പ്രാധാന്യം വിശദീകരിച്ചു.

സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ മുഖേന കേന്ദ്ര സിവില്‍ എവിയേഷന്‍ മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം സംബന്ധിച്ച് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കൗണ്‍സിലര്‍ വൈ. സബീറുമായും പാസഞ്ചേഴ്‌സ് ഫോറം ചര്‍ച്ച നടത്തി. എംബസിയുടെ മുഴുവന്‍ സഹായവും അധികൃതര്‍ വാഗ്ദാനം ചെയ്തു. ആറ്റിങ്ങല്‍ എം.പി അഡ്വ. അടൂര്‍ പ്രകാശ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് പാസഞ്ചേഴ്‌സ് ഫോറത്തിന്റെ നിവേദനം നേരത്തെ സമര്‍പ്പിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാസഞ്ചര്‍ ഫോറം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top