Sauditimesonline

DOMESTIC LABOUR
സൗദിയില്‍ സ്ഥാപനങ്ങളില്‍ നിന്ന് ഗാര്‍ഹിക വിസയിലേക്ക് തനാസില്‍ മാറ്റം; വസ്തതുത ഇതാണ്

സൗദിയില്‍ സ്ഥാപനങ്ങളില്‍ നിന്ന് ഗാര്‍ഹിക വിസയിലേക്ക് തനാസില്‍ മാറ്റം; വസ്തതുത ഇതാണ്

റിയാദ്: അംഗീകൃത റിക്രൂട്ട്‌മെന്റ് കമ്പനികളുടെയും ഏജന്‍സികളുടെയും കീഴിലുള്ള ഗാര്‍ഹിക തൊഴിലാളികളുടെ സേവനം വ്യക്തികളായ തൊഴിലുടമകളുടെ കീഴിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റാന്‍ സൗകര്യമൊരുക്കുന്നു. സൗദി മാനവ വിഭവശേഷി സാമുഹ്യവികസന മന്ത്രാലയം ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ക്കായുള്ള ‘മുസാനദ്’ പോര്‍ട്ടല്‍ വഴിയാണ് പുതിയ ഡിജിറ്റല്‍ സേവനം ആരംഭിച്ചത്.
റിക്രൂട്ട്‌മെന്റ് കമ്പനികള്‍ വഴി വീടുകളില്‍ താത്കാലിക അടിസ്ഥാനത്തിലോ കരാറിലോ ജോലിക്കെത്തുന്ന വീട്ടുജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, കാവല്‍ക്കാര്‍, തോട്ടം തൊഴിലാളികള്‍, പാചകക്കാര്‍ തുടങ്ങിയവരുടെ സേവനത്തില്‍ തൃപ്തരാകുന്ന കുടുംബങ്ങള്‍ക്ക് അവരെ സ്വന്തം ഗാര്‍ഹിക വിസയിലേക്ക് മാറ്റി നിയമിക്കാനാകും. സുതാര്യവും വേഗത്തിലുള്ളതുമായ നടപടികളിലൂടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാക്കുകയാണ്പദ്ധതിയുടെ ലക്ഷ്യം.

ഇതിനായി റിക്രൂട്ട്‌മെന്റ് കമ്പനിയാണ് മുസാനദ് പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്ത് തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനായുള്ള നടപടികള്‍ തുടങ്ങേണ്ടത്. തൊഴിലാളിയുടെയും പുതിയ തൊഴിലുടമയുടെയും താല്‍പര്യം സംരക്ഷിക്കുന്നതിനായി പദ്ധതിയില്‍ നിശ്ചിത കാലയളവ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ അന്തിമ മാറ്റം അനുവദിക്കും. പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് മാറുന്നതിന് ഗാര്‍ഹിക തൊഴിലാളിയുടെ സമ്മതം നിര്‍ബന്ധമാണ്. പുതിയ തൊഴിലുടമ മുസാനദ് വഴി ആവശ്യമായ സേവന ഫീസ് അടയ്ക്കുകയും ഗാര്‍ഹിക തൊഴിലാളിയെ സംരക്ഷിക്കാനുള്ള സാമ്പത്തിക ശേഷി തെളിയിക്കുകയും വേണം.

സാധാരണ വ്യവസായ, വാണിജ്യ കമ്പനികളിലെ ജീവനക്കാര്‍ക്കുള്ളതല്ല ഇപ്പോള്‍ പ്രഖ്യാപിച്ച സേവനമെന്നും, ഗാര്‍ഹിക ജോലികള്‍ക്കായി കമ്പനികള്‍ നേരിട്ട് റിക്രൂട്ട് ചെയ്ത് നല്‍കുന്ന തൊഴിലാളികള്‍ക്ക് മാത്രമാണ് ഇത് ബാധകമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും റിക്രൂട്ട്‌മെന്റ് കമ്പനികള്‍ വഴി മികച്ച രീതിയില്‍ സേവനം നല്‍കുന്ന തൊഴിലാളികളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റാന്‍ പുതിയ സംവിധാനം പ്രയോജനം ചെയ്യും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും ഇരുവിഭാഗത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കാനും പുതിയ പരിഷ്‌കാരം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top