Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

ആധാരം വീണ്ടെടുത്തു, കടങ്ങള്‍ വീട്ടി; കണ്ണന് കടം നല്‍കിയ വീട് ഉസ്മാന് തിരിച്ചുകിട്ടി

റിയാദ്/മലപ്പുറം: സുഹൃത്തിന് സ്വന്തം കിടപ്പാടം പണയപ്പെടുത്തി ഒടുവില്‍ ജപ്തിയുടെ നിഴലിലായ പ്രവാസിക്കും വിടപറഞ്ഞ സുഹൃത്തിന്റെ കുടുംബത്തിനും ഒടുവില്‍ ശാന്തിയുടെ തീരം. തുവ്വൂര്‍ സ്വദേശിയും പ്രവാസിയുമായ ഉസ്മാന്‍ ഉറ്റസുഹൃത്ത് നിഷാന്തി(കണ്ണന്‍)ന് വേണ്ടിയാണ് ബാങ്കില്‍ ആധാരം പണയപ്പെടുത്തിയത്. 29 ലക്ഷം രൂപ കുടിശ്ശികയായതോടെ ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചു. ഇതിനിടെ വണ്ടൂര്‍ നിയോജക മണ്ഡലം ദലിത് ലീഗ് ട്രഷററായിരുന്ന കണ്ണന്‍ 2023 ഏപ്രിലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ ആധാരം നല്‍കി സഹായിച്ച ഉസ്മാനും കണ്ണന്റെ ഭാര്യയും നാല് മക്കളും വഴിയാധാരമായി.

ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തിയുമായി വീട്ടിലെത്തിയപ്പോള്‍ തകര്‍ന്നുപോയ കുടുംബങ്ങളെ രക്ഷിക്കാന്‍ റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ ദൗത്യം ഏറ്റെടുത്തു. സുമനസ്സുകളുടെ സഹായത്തോടെ 18.49 ലക്ഷം രൂപ സമാഹരിച്ചു. നിലമ്പൂര്‍ അര്‍ബന്‍ ബാങ്കുമായി ചര്‍ച്ച നടത്തി പലിശ ഇളവുനേടി ഉസ്മാന്റെ ആധാരം വീണ്ടെടുത്തു.

സ്വന്തം വീട് ജപ്തി ഭീഷണിയിലായിട്ടും, കണ്ണെന്റെ കുടുംബത്തിനുണ്ടായിരുന്ന മറ്റ് നാലു ബാങ്കുകളിലെ 10 ലക്ഷം രൂപയുടെ ബാധ്യത കൂടി തീര്‍ക്കാന്‍ ഉസ്മാന്‍ സന്നദ്ധനായത് അപൂര്‍വ്വ മാമാതൃകയാണ്. സമാഹരിച്ച തുകയില്‍ നിന്ന് കണ്ണന്റെ മറ്റ് ലോണുകളും അടച്ചുതീര്‍ത്തു. ചൈത്രം സ്റ്റാര്‍സ് എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ ചൈതന്യ എന്ന 12 വയസ്സുകാരി നടത്തിയ അഭ്യര്‍ത്ഥനയും പ്രവാസി മലയാളികളുടെപിന്തുണയുമാണ് ദൗത്യം വിജയിപ്പിച്ചത്. നിഷാന്തിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top