
റിയാദ്: സൗദിയിലെ വ്യവസായ മേഖലയില്‍ രണ്ടു വര്‍ഷത്തിനകം 36,000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് തൊഴില്‍ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും കരാര്‍ ഒപ്പുവെച്ചു. തൊഴില്‍ രഹിതരായ യുവാക്കളെ കണ്ടെത്തി തൊഴില്‍ പരിശീലനം നല്‍കി നിയമനം നല്‍കുന്ന പദ്ധതിയാണ് കരാര്‍ പ്രകാരം നടപ്പിലാക്കുന്നത്. സ്വദേശിവല്‍ക്കരണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനാണ് കരാര്‍. തൊഴില്‍ സഹമന്ത്രി അബ്ദുല്ല അബൂ സ്‌നൈന്‍, വ്യവസായ സഹമന്ത്രി എഞ്ചിനീയര്‍ ഉസാമ അല്‍സാമില്‍, ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ട്രൈനിംഗ് സെന്റര്‍ ഗവര്‍ണര്‍ ഡോ അഹമദ് അല്‍ ഫുഹൈദ്, ഹ്യുമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫണ്ട് ഡയറക്ടര്‍ ജനറല്‍ തുര്‍ക്കി അല്‍ ജുഐവിനി, സൗദി ചേംബര്‍ പ്രതിനിധി ഡോ. അബ്ദുറഹ്മാന്‍ അല്‍ അബീദ് എന്നിവരാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്. തൊഴില്‍, സാമൂഹിക വികസനകാര്യ വകുപ്പ് മന്ത്രി ളഞ്ചിനീയര്‍ അഹമദ് ബിന്‍ സുലൈമാന്‍ അല്‍ റാജ്ഹി, വ്യവസായ വകുപ്പ് മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ ഖുറൈഫ് എന്നിവരും സാന്നിഹിതരായിരുന്നു.
പദ്ധതി ധപകാരം പരിശീലനം പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികളെ നിയമിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സഹായം വിതരണം ചെയ്യും. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ഓരോ മാസവും റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കരാര്‍ ഒപ്പുവെച്ചതെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.