റിയാദ്: സുരക്ഷാ കാരണങ്ങളാല്‍ നാല് വര്‍ഷമായി അടച്ചിട്ടിരുന്ന നജ്‌റാന്‍ വിമാനത്താവളം മെയ് ആറിന് വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. വിമാനത്താവളം പൂര്‍ണ സജ്ജമാണെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
2011ല്‍ പ്രവര്‍ത്തനം തുടങ്ങിയ വിമാനത്താവളം 2015 മുതല്‍ സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വിമാനത്താവളം വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമെന്ന് നജ്‌റാന്‍ ഡെപ്പ്യൂട്ടി ഗവര്‍ണ്ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ ഹദ്‌ലൂലാണ് അറിയിച്ചത്. ജിദ്ദ, റിയാദ് നഗരങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ ആഭ്യന്തര സര്‍വ്വീസുകളാണ് ആദ്യം ആരംഭിക്കുന്നത്. ഘട്ടം ഘട്ടമായി സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സര്‍വീസ് സംബന്ധിച്ച് സമയക്രമം സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിക്കും.
അബഹ വിമാനത്താവളം വഴിയാണ് നജ്‌റാനിലേക്കുളളവര്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിനഗരമായ നജ്‌റാനിലേക്ക് അബഹവഴിയുളള യാത്രാ ക്ലേശകരമാണ്. സുരക്ഷിതമായ വ്യോമപാതയും വിമാനത്താവളം സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നജ്‌റാന്‍ വിമാനത്താവളം തുറന്നു കൊടുക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.