Sauditimesonline

lulu solar
സൗദിയില്‍ ഹരിത ഊര്‍ജവുമായി ലുലു; അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സോളാര്‍ പ്ലാന്റുകള്‍

സൗദിയില്‍ ഹരിത ഊര്‍ജവുമായി ലുലു; അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സോളാര്‍ പ്ലാന്റുകള്‍

റിയാദ്: സൗദി അറേബ്യയില്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് മൂന്നാംഘട്ട സോളാര്‍ ഊര്‍ജ പദ്ധതി പ്രഖ്യാപിച്ചു. സൗദി വിഷന്‍ 2030ന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായി, രാജ്യത്തെ അഞ്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ മേല്‍ക്കൂരയിലാണ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. കാനൂക്ലീന്‍മാക്‌സ് സംയുക്ത സംരംഭത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

റിയാദ് അവന്യൂ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സ്ഥാപിക്കുന്ന 1,089 കിലോവാട്ട് പീക്ക് (kWp) ശേഷിയുള്ള പ്ലാന്റിലൂടെ പ്രതിവര്‍ഷം 1.85 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ദമ്മാം ഷാതി ഹൈപ്പര്‍മാര്‍ക്കറ്റില്‍ 810 kWp (1.41 ദശലക്ഷം യൂണിറ്റ്), റാഖ ബ്രാഞ്ചില്‍ 581 സണു (1.01 ദശലക്ഷം യൂണിറ്റ്), റയ്യാനില്‍ 550 kWp (9.62 ലക്ഷം യൂണിറ്റ്), കിഴക്കന്‍ ദമ്മാമിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ 187 സണു (3.27 ലക്ഷം യൂണിറ്റ്) എന്നിങ്ങനെയാണ് മറ്റ് പ്ലാന്റുകളുടെ ശേഷി.

റിയാദില്‍ നടന്ന ചടങ്ങില്‍ ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസും കാനൂ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് എനര്‍ജി ചെയര്‍മാന്‍ ഫഹദ് ഫൗസി കാനൂവും കരാറില്‍ ഒപ്പുവെച്ചു. ലുലു ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് റീജിയണല്‍ ഡയറക്ടര്‍ ഷംനാസ് പള്ളിക്കണ്ടി, പ്രോജക്ട്‌സ് ജനറല്‍ മാനേജര്‍ സാഹിദ് അസ്ഹര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സയിദ് ബത്തേല്‍ അല്‍ സുബായി, കാനൂ ഗ്രൂപ്പ് സി.ഇ.ഒ മനോജ് കുമാര്‍ ത്രിപാഠി, പ്രശാന്ത് കരുണാകരന്‍, അലി കാനൂ, സാക്കിര്‍ അലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റീട്ടെയില്‍ മേഖലയില്‍ പുനരുപയോഗ ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതില്‍ ലുലു ഗ്രൂപ്പ് മുന്‍പന്തിയിലാണെന്ന് ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഞ്ച് കേന്ദ്രങ്ങളിലും സോളാര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജമാകും. ഉപഭോക്താക്കള്‍ക്ക് പരിസ്ഥിതി സൗഹൃദമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുകയെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top