Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

സൗദിയില്‍ മധുരവസന്തം; ലുലു ഹൈപ്പറില്‍ ഈന്തപ്പഴോത്സവം

റിയാദ്: സൗദി അറേബ്യയിലെ ഈന്തപ്പഴ വിപണിക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റും നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സും ധാരണാപത്രം ഒപ്പുവെച്ചു. രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ്‌സ് ഫെസ്റ്റിവലിനും സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ തുടക്കമായിട്ടുണ്ട്.

എന്‍.സി.പി.ഡി ആക്ടിംഗ് സി.ഇ.ഒ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മൗസ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. രാജ്യത്തുടനീളമുള്ള കാര്‍ഷിക സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന ഗുണനിലവാരമുള്ള ഫ്രഷ് ഈന്തപ്പഴങ്ങളും അനുബന്ധ ഉല്‍പന്നങ്ങളും ലുലു ശൃംഖലയിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് കരാര്‍ ലക്ഷ്യമിടുന്നത്. പ്രാദേശിക കര്‍ഷകര്‍ക്ക് മികച്ച റീട്ടെയില്‍ വിപണി ഉറപ്പാക്കാനും സൗദിയുടെ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരണാനും സംരംഭത്തിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സുമായുള്ള പങ്കാളിത്തം പ്രാദേശിക കര്‍ഷകരെ ശാക്തീകരിക്കുന്നതിനും രാജ്യത്തിന്റെ കാര്‍ഷിക പാരമ്പര്യത്തെ ആദരിക്കുന്നതിനുമുള്ള ലുലുവിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്ന് ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. മികച്ച ഈന്തപ്പഴ ഇനങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് പുതിയ വിപണന സാധ്യതകള്‍ തുറന്നുനല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിളവെടുപ്പ് കാലമായതിനാല്‍ വൈവിധ്യമാര്‍ന്ന ഫ്രഷ് ഈന്തപ്പഴ ശേഖരമാണ് ലുലുവില്‍ ഒരുക്കിയിരിക്കുന്നത്. മധുരമേറിയ റാബിയ റുത്താബ്, മൃദുവായ ശീഷി, ജനപ്രിയ ഇനങ്ങളായ ഇഖ്‌ലാസ്, ബെര്‍ഹി, ഖുനൈസി, അജ്വ, മദ്ജൂല്‍, സുഖരി, സഖാവി, ഖലാസ് തുടങ്ങി എല്ലാ പ്രധാന ഇനങ്ങളും ആകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാണ്. പ്രാദേശിക കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിപുലമായ ഉപഭോക്തൃ ശൃംഖലയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള മികച്ച പ്ലാറ്റ്‌ഫോമായി ലുലുവിന്റെ ഡേറ്റ്‌സ് ഫെസ്റ്റിവല്‍ മാറിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top