മുഹമ്മ് കല്ലിങ്ങല്‍

റിയാദ്: കോഴിക്കോട് വിമാനത്താവളത്തിലേക്ക് ജിദ്ദയില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിക്കാന്‍ സൗദി ദേശീയ വിമാന കമ്പനി സൗദിയ ശ്രമം തുടങ്ങിയതായി മലബാര്‍ ഡെവലപ്‌മെന്റ് ഫോറം. വിന്റര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഒക്ടോബര്‍ അവസാന വാരത്തോടെ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് വിവരം ലഭിച്ചതായി എം.ഡി.എഫ് പ്രസിഡന്റ് കെ.എം. ബഷീര്‍ അറിയിച്ചു. . ദിവസവും രണ്ട് സര്‍വീസുകള്‍ വീതം നടത്താനാണ് ആലോചന.

ജിദ്ദയില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും വലിയ ആശ്വാസമാകും. നേരത്തെ വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് ജിദ്ദയില്‍ നിന്ന് നേരിട്ടും റിയാദ്, ദമാം വഴിയും സൗദിയ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ 2020ല്‍ ഉണ്ടായ കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് വിലക്ക് വന്നതോടെ സൗദിയയുടെയും എയര്‍ ഇന്ത്യയുടെയും വലിയ വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തുകയായിരുന്നു.

നിലവില്‍ റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് സൗദിയ സര്‍വീസ് നടത്തുന്നുണ്ട്. എങ്കിലും ജിദ്ദയില്‍ നിന്നു നേരിട്ടുളള സര്‍വീസിന് ആവശ്യക്കാര്‍ ഏറെയായതിനെ തുടര്‍ന്ന് ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ടിക്കറ്റ് ബുക്കിങ് വൈകാതെ ആരംഭിക്കും. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍, ഇന്‍ഡിഗോ എന്നീ കമ്പനികള്‍ കോഴിക്കോട് ജിദ്ദ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്.
ജിദ്ദ-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുന്നതോടെ നിലവിലുള്ള റിയാദ്-കോഴിക്കോട് സൗദിയ സര്‍വീസ് നിര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. പകരം സൗദിയയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ലൈ അഡീല്‍ സര്‍വീസ് ആരംഭിച്ചേക്കും. അതേസമയം, മലബാറില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം മദീനയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






