
റിയാദ്: മലയാളി തൊഴിലുടമയില്‍ നിന്ന് നിരന്തര പീഡനവും ചൂഷണവും നേരിട്ട് റിയാദില്‍ തെരുവിലായ മലയാളി യുവാവിന് കെ.എം.സി.സി പ്രവര്‍ത്തകരുടെ ഇടപെടല്‍ തുണയായി. നിയമസഹായവും അഭയവും നല്‍കി കൊല്ലം സ്വദേശി ഷാജി ശശിധരന്‍ നായരെ കൊല്ലം, ആലപ്പുഴ ജില്ലാ കെ.എം.സി.സി പ്രവര്‍ത്തകര്‍ ചേര്‍ന്ന് നാട്ടിലേക്ക് യാത്രായാക്കി.

ഒരു വര്‍ഷം മുന്‍പാണ് മലയാളിയായ തൊഴിലുടമ ഇദ്ദേഹത്തെ കുടിവെള്ള വിതരണ കമ്പനിയില്‍ ജോലിയില്‍ നിയമിച്ചത്. വിസയ്ക്കായി മൂവായിരം റിയാല്‍ ശമ്പളത്തില്‍ നിന്ന് ഈടാക്കുകയും ചെയ്തിരുന്നു. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സാണ് തൊഴിലുടമ എടുത്തുകൊടുത്തത്. എന്നാല്‍ മീഡിയം വെഹിക്കിള്‍ ഓടിക്കാന്‍ നിര്‍ബന്ധിതനായ ഷാജിയുടെ പേരില്‍ ട്രാഫിക് പിഴ ചുമത്തിയതോടെ, തൊഴിലുടമ പ്രകോപിതനാവുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയുമായിരുന്നു. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്നതിനിടെ മാസങ്ങളോളം പീഡനവും മര്‍ദനവും നേരിടേണ്ടി വന്നതായി ഷാജി പറയുന്നു. കുറഞ്ഞ ശമ്പളത്തിന് പുറമെ പല കാരണങ്ങള്‍ പറഞ്ഞ് ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ചോദ്യം ചെയ്തതോടെ തൊഴിലുടമ ക്രൂരമായി മര്‍ദിച്ചതായും പരാതിയുണ്ട്.

പീഡനം സഹിക്കാനാവാതെ ജോലിസ്ഥലത്തുനിന്ന് രക്ഷപ്പെട്ട് ഒരു കെട്ടിടത്തിന്റെ ഇടനാഴിയില്‍ തളര്‍ന്നുകിടക്കുന്നത് ചില മലയാളികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കെ.എം.സി.സി വിഷയത്തില്‍ ഇടപെട്ടത്. കെ.എം.സി.സി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി സെയ്ദ് കായംകുളം, പ്രസിഡന്റ് ഷാജി പി.കെ എന്നിവര്‍ തൊഴിലുടമയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് നിയമപരമായ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിച്ചതോടെയാണ് യുവാവിന്റെ പാസ്‌പോര്‍ട്ടും എക്‌സിറ്റ് വിസയും നല്‍കാന്‍ തൊഴിലുടമ തയ്യാറായത്. കൊല്ലം ജില്ലാ പ്രസിഡന്റ് അല്‍ത്താഫ്, സെക്രട്ടറി റിയാസ് എന്നിവരാണ് ഷാജി ശശിധരനു മടക്കയാത്രക്കുളള ടിക്കറ്റ് നല്‍കിയത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






