Sauditimesonline

trump
കടൽ കടക്കുന്ന ഭീഷണി; ഹോർമുസ് ഇനി 'യുഎസ് മണ്ണ്', ട്രംപിന്റെ പ്രഖ്യാപനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ

പാണ്ഡിത്യത്തിന്റെ വെളിച്ചം മാഞ്ഞു: കെഎംസിസി അനുശോചിച്ചു

റിയാദ്: പാണ്ഡിത്യത്തിന്റെ ദീപ്തി പരത്തി തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നുനല്‍കിയ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേര്‍പാടിലൂടെ മഹാനായ വഴികാട്ടിയെയാണ് സമുദായത്തിന് നഷ്ടമായിരിക്കുന്നതെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അമരക്കാരിലൊരാളായി നിന്ന് പ്രസ്ഥാനത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മുന്നോട്ടുനയിക്കുന്നതില്‍ അദ്ദേഹം നിസ്തുലമായ പങ്കാണ് വഹിച്ചത്.

ജാമിഅ നൂരിയ്യ ഉള്‍പ്പെടെയുള്ള ഉന്നത കലാലയങ്ങളിലൂടെയും സംഘടനാ വേദികളിലൂടെയും പതിനായിരക്കണക്കിന് ശിഷ്യഗണങ്ങളെയും പണ്ഡിതന്മാരെയുമാണ് അദ്ദേഹം വാര്‍ത്തെടുത്തത്. ആഴത്തിലുള്ള വിജ്ഞാനവും ലാളിത്യമാര്‍ന്ന പെരുമാറ്റവും സമുദായ കാര്യങ്ങളിലെ ദീര്‍ഘവീക്ഷണവും അദ്ദേഹത്തെ ഏവര്‍ക്കും പ്രിയങ്കരനാക്കി മാറ്റി.

അന്താരാഷ്ട്ര തലത്തില്‍ ഇസ്‌ലാമിക പാണ്ഡിത്യത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും മുഖമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പ്രവാസി സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ പുരോഗതിയില്‍ എപ്പോഴും

വലിയ താല്പര്യവും ശ്രദ്ധയും അദ്ദേഹം പുലര്‍ത്തിയിരുന്നുവെന്നും ഭാരവാഹികള്‍ അനുസ്മരിച്ചു.
കുടുംബാംഗങ്ങളുടെയും പ്രസ്ഥാന ബന്ധുക്കളുടെയും അസംഖ്യം ശിഷ്യഗണങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി.പി. മുസ്തഫ, ഷുഹൈബ് പനങ്ങാങ്ങര, സത്താര്‍ താമരത്ത്, അഷ്‌റഫ് വെള്ളേപ്പാടം, യു.പി. മുസ്തഫ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top