കുഞ്ചീസ് കൂട്ടിക്കല്‍

‘നീ ബ്രസീല്‍ ഫാനാണോ?’
‘അതേ…’
‘അപ്പോള്‍ അര്‍ജന്റീനയെ ഇഷ്ടമല്ലേ?’
‘അങ്ങനെയൊന്നുമില്ല…’
ലോകകപ്പും കോപ്പ അമേരിക്കയും വരുമ്പോഴും മെസ്സി ഗോള്‍ അടിക്കുമ്പോഴും മലയാളി മനസ്സുകളില്‍ നിരന്തരം ഉയര്‍ന്നുവരുന്ന ചോദ്യമാണിത്. സ്‌കൂള്‍ പാഠപുസ്തകത്തില്‍ ‘ലോകത്തിന്റെ കറുത്ത മുത്ത്’ എന്ന പാഠത്തിലൂടെ മനസ്സില്‍ കുടിയേറിയ പെലെയും ബ്രസീലും ബാല്യകാലത്തിന്റെ ഓര്‍മകളാണ്. എന്നാല്‍ 1986ല്‍ മറഡോണയും അര്‍ജന്റീനയും മലയാളിയുടെ ഫുട്‌ബോള്‍ കാഴ്ചകളെ നീലയും വെള്ളയും വരകളിലേക്ക് മാറ്റിപ്പരത്തി. കളി കാണുന്ന ആവേശത്തിനപ്പുറം, ഒരു ദേശീയ ടീമിനെ പിന്തുണയ്ക്കുകയെന്നാല്‍ ആ രാജ്യത്തിന്റെ ചരിത്രത്തോടും സംസ്‌കാരത്തോടും വൈകാരികമായി കണ്ണിച്ചേരുക കൂടിയാണ്. എന്നാല്‍, ഫുട്‌ബോളിന്റെ ആവേശത്തിനുമപ്പുറം ആ രാജ്യത്തിന്റെ ഭൂതകാലവും വര്‍ത്തമാനവും വായിച്ചുതുടങ്ങുമ്പോള്‍ ചില അസ്വസ്ഥതകള്‍ ഉയര്‍ന്നുവരാതിരിക്കില്ല.

അര്‍ജന്റീന എന്ന ഫുട്‌ബോള്‍ ശക്തിയുടെ സ്വത്വം ‘വെളുത്ത യൂറോപ്യന്‍ പാരമ്പര്യം’ എന്ന ആശയത്തിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. കായികരംഗത്തെ വൈവിധ്യത്തിന്റെ ചിത്രങ്ങള്‍ നോക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. കഴിഞ്ഞ ലോകകപ്പില്‍ സ്‌പെയിന്‍ ടീമില്‍ ഘാന, മൊറോക്കോ പശ്ചാത്തലമുള്ള കുടിയേറ്റക്കാരുടെ മക്കള്‍ ഉണ്ടായിരുന്നു. എങ്കില്‍, ലോകത്തിലെ വൈവിധ്യമാര്‍ന്ന കുടിയേറ്റങ്ങളുടെ നാടായ അര്‍ജന്റീന ദേശീയ ടീമില്‍ ഒരു കറുത്ത വര്‍ഗക്കാരനായ കളിക്കാരനെപ്പോലും കാണാനില്ല എന്നത് യാഥാര്‍ഥ്യമാണ്.

ഗ്യാലറികളിലും അതിനുപുറത്തും പടരുന്ന വംശീയ അധിക്ഷേപങ്ങള്‍ ഈ ചോദ്യങ്ങളെ വീണ്ടും ദൃഢമാക്കുന്നു. ഐഷോസ്പീഡ് എന്ന കറുത്ത വര്‍ഗക്കാരനായ അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ക്ക് അര്‍ജന്റീനയുടെ മത്സരങ്ങള്‍ക്കിടെ നേരിടേണ്ടിവന്ന മൃഗീയ പരിഹാസങ്ങള്‍ കേവലം ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാവില്ല. ഈജിപ്ഷ്യന്‍, കാബോ വെര്‍ദെ ആരാധകര്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളും ഇത്തരം പെരുമാറ്റങ്ങളുടെ തുടര്‍ച്ചയാണ്.

2022ലെ ലോകകപ്പ് വിജയാഘോഷത്തിനിടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് നടത്തിയ അനാദരവുകളും, 2024ലെ കോപ്പ അമേരിക്ക ജയത്തിനുശേഷം എന്‍സോ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ കളിക്കാര്‍ ആലപിച്ച വംശീയ ട്രാന്‍സ്‌ഫോബിക് ഗാനങ്ങളും ഫിഫയുടെ അന്വേഷണത്തില്‍ എത്തിനില്‍ക്കുന്നു. കളിക്കളത്തിലെ ആഘോഷങ്ങള്‍ക്കപ്പുറം സാധാരണ ജീവിതത്തിലും വിദേശികളോടും വംശീയ ന്യൂനപക്ഷങ്ങളോടുമുള്ള സമീപനം ആശങ്കാജനകമാണ്. കഴിഞ്ഞവര്‍ഷം അര്‍ജന്റീന സന്ദര്‍ശിച്ച ഇന്ത്യന്‍ ഐടി ജീവനക്കാരനുനേരെ ഉണ്ടായ സൈബര്‍ ആക്രമണവും ബ്രസീലില്‍ അര്‍ജന്റീനന്‍ ആരാധകര്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടത്തിയ വംശീയ പരാമര്‍ശങ്ങളും ഇതിന്റെ തെളിവുകളാണ്.

സ്ഥാപനപരമായ തലത്തിലും ഇത്തരം നിലപാടുകള്‍ പ്രകടമാണ്. വംശീയ വിവേചനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന INADI (National Institute Against Discrimination, Xenophobia and Racism) എന്ന ഔദ്യോഗിക സംവിധാനം 2024ല്‍ അര്‍ജന്റീന സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഐക്യരാഷ്ട്രസഭയില്‍ അടിമക്കച്ചവടത്തിന്റെ ചരിത്രപരമായ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വോട്ടെടുപ്പില്‍ എതിര്‍ത്തു വോട്ട് ചെയ്ത മൂന്നു രാജ്യങ്ങളിലൊന്നായി അര്‍ജന്റീന മാറിയതും കൂട്ടി വായിക്കണം.
അര്‍ജന്റീനയുടെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍, പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആഫ്രിക്കന്‍ അടിമകളെയും മാപുചെ, ഗ്വാരനി തുടങ്ങിയ തദ്ദേശീയ ജനവിഭാഗങ്ങളെയും ‘Conquest of the Desert’ പോലുള്ള സൈനിക നീക്കങ്ങളിലൂടെയും നയങ്ങളിലൂടെയും പാര്‍ശ്വവല്‍ക്കരിച്ചതിന്റെ നിഴലുകള്‍ ഇന്നത്തെ സമൂഹത്തിലും കാണാം.
തീര്‍ച്ചയായും, അര്‍ജന്റീന എന്നാല്‍ വിദ്വേഷം മാത്രം വച്ചുപുലര്‍ത്തുന്ന ഒരു സമൂഹമല്ല. അവിടെയും വംശീയതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമുണ്ട്. ‘അര്‍ജന്റീന യൂറോപ്യന്മാരുടെ മാത്രം രാജ്യമല്ല’ എന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഫെഡെറിക്കോ പിറ്റെയെപ്പോലുള്ള സാമൂഹിക പ്രവര്‍ത്തകര്‍ ആ സമൂഹത്തില്‍ തന്നെയുണ്ട്. വംശീയ അധിക്ഷേപങ്ങള്‍ പുറത്തുവരുമ്പോള്‍ സ്വന്തം ടീമിനെപ്പോലും തിരുത്താന്‍ തയാറാകുന്ന വലിയ ജനവിഭാഗവും അവിടെ ജീവിക്കുന്നുണ്ട്.
ഒരു ജേഴ്‌സിയുടെ നിറം എത്ര മനോഹരമായാലും, ഒരു താരത്തിന്റെ പ്രതിഭ എത്ര വിസ്മയിപ്പിച്ചാലും, ഒരു മനുഷ്യന്റെ അന്തസ്സിനേക്കാള്‍ വലുതല്ല ഒരു ഫുട്‌ബോള്‍ കിരീടവും. ഫുട്‌ബോളിനെ സ്‌നേഹിക്കുമ്പോഴും വംശീയതയില്ലാത്ത, മനുഷ്യത്വം നിറഞ്ഞുനില്‍ക്കുന്ന ലോകമെന്ന സ്വപ്‌നത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. മൈതാനത്തെ ജയപരാജയങ്ങള്‍ക്കപ്പുറം മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന ഇടമായി കായികലോകം മാറേണ്ടതുണ്ട്.
ഒരു മനുഷ്യന്റെ അന്തസ്സിനേക്കാള്‍ ഉയര്‍ന്ന ഒരു പതാകയും ഇല്ല. അതുകൊണ്ടുതന്നെ, എന്റെ സ്‌നേഹവും പക്ഷപാതവും അതിരുകളുള്ള ഒരു രാജ്യത്തിനല്ല; സ്‌നേഹത്താല്‍ കോര്‍ക്കപ്പെട്ട ആകെ മനുഷ്യരാശിക്കാണ്!
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






