
റിയാദ്: കൊല്ലം ജില്ലാ കൾച്ചറൽ അസോസിയേഷൻ (കെസിഎ റിയാദ്) സംഘടിപ്പിച്ച ‘ഈക്കൊല്ലത്തോണം 2026’ റിയാദിലെ പ്രവാസി മലയാളികൾക്ക് നാട്ടിലെ ഓണത്തിന്റെ ഗൃഹാതുരസ്മരണകൾ സമ്മാനിച്ചു. എക്സിറ്റ് 26ലെ മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ പാർക്ക് മാൾ ഓഡിറ്റോറിയത്തിൽ രാവിലെ 11 മുതൽ രാത്രി ഒൻപത് വരെയായിരുന്നു ആഘോഷ പരിപാടികൾ. 1,500ലധികം പേർ പങ്കെടുത്തു.

കെസിഎ അംഗങ്ങൾ തന്നെ തയ്യാറാക്കിയ ഓണസദ്യയായിരുന്നു പ്രധാന ആകർഷണം. അടപ്രഥമൻ, പാലട, മധുരബോളി, സേമിയപ്പായസം തുടങ്ങി 41 ഇനം വിഭവങ്ങളാണ് ഒരുക്കിയത്. ആഘോഷത്തിനൊപ്പം സൗദി അറേബ്യയുടെ 96-ാം ദേശീയദിനവും കേക്ക് മുറിച്ച് ആഘോഷിച്ചു.

റിയാദ് ടാക്കീസിന്റെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയും അശോകൻ കൊല്ലം മാവേലിയായെത്തിയതും ആവേശം ഇരട്ടിയാക്കി. ദിവ്യ ഭാസ്കരൻ ചിട്ടപ്പെടുത്തിയ തിരുവാതിര, ഓണപ്പാട്ട്, തെയ്യം, ചെമ്പരുന്ത്, ഓണപ്പൊട്ടൻ, പുലികളി, ഗാനമേള, നാടൻപാട്ട്, ഡിസൈനർ ഷോ, വിവിധ നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി.

ഇന്ത്യൻ എംബസി കൗൺസിലർ ഗൗരവ് കുമാർ തിവാരി ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളനത്തിൽ കെസിഎ പ്രസിഡന്റ് നിസാർ പള്ളിക്കശ്ശേരിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ റഹ്മാൻ മുനമ്പത്ത്, ജനറൽ സെക്രട്ടറി നസീർ അബ്ദുൽ ഖരീം, ചെയർമാൻ ഷിഹാബ് കൊട്ടുകാട്, ഡോ. മുഹമ്മദ് ഇദ്രീസ്, ജയൻ കൊടുങ്ങല്ലൂർ, ഷാജു ഷെരീഫ്, ഷംനാദ് കരുനാഗപ്പള്ളി, നസീം എന്നിവർ പ്രസംഗിച്ചു.

വിവിധ കൺവീനർമാരും വോളന്റിയർമാരും വനിതാ വിഭാഗം ഭാരവാഹികളായ അഞ്ചു ഷാജു, രജിത ജയചന്ദ്രൻ, ജോജി ബിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും പരിപാടികൾ ഏകോപിപ്പിച്ചു. സഹകരിച്ച എല്ലാവർക്കും കെസിഎ നന്ദി അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






