
റിയാദ്: ഒരു വര്‍ഷത്തിനിടെ പതിനായിരം സ്വദേശി എഞ്ചിനീയര്‍മാര്‍ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഇതേ കാലയളവില്‍ 45,000 വിദേശ എഞ്ചിനീയര്‍മാര്‍ രാജ്യം വിട്ടതായും കൗണ്‍സില്‍ വ്യക്തമാക്കി.
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു ബിരുദം നേടുന്നവര്‍ക്കാണ് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് രജിസ്‌ട്രേഷന്‍ നല്‍കുന്നത്. എഞ്ചിനീയര്‍ പ്രൊഫഷനിഫ ജോലി ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് എഞ്ചിനീയര്‍മാരായ ജോലി ചെയ്തിരുന്ന മൂവായിരം വിദേശികളെ രണ്ടു വര്‍ഷത്തിനിടെ കണ്ടെത്തിയതായും അധികൃതര്‍ പറഞ്ഞു.
വിദേശി എഞ്ചിനീയര്‍മാരുടെ എണ്ണം 23 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 1.94 ലക്ഷം വിദേശി എന്‍ജിനീയര്‍മാരാണ് കൗണ്‍സില്‍ അംഗത്വം നേടിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മെയ് വരെ 1.49 ലക്ഷം വിദേശി എഞ്ചിനീയര്‍മാരാണ് രജിസ്റ്റര്‍ ചെയ്തതെന്ന് എഞ്ചിനിയേഴ്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സഅദ് അല്‍ശഹ്‌റാനി പറഞ്ഞു.
യോഗ്യതയും രജിസ്‌ട്രേഷനുമുളള 5000 സ്വദേശി എഞ്ചിനീയര്‍മാര്‍ തൊഴില്‍ രഹിതരാണ്. ഇവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനു തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവുമായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് പദ്ധതി തയ്യാറാക്കി വരുകയാണെന്നും സഅദ് അല്‍ ശഹ്‌റാനി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






