Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

റിയാദ്-തിരുവനന്തപുരം നേരിട്ടു വിമാന സര്‍വീസ് വേണമെന്ന് ‘സൗദിയ’ പാസഞ്ചര്‍ ഫോറം

റിയാദ്: ദക്ഷിണ കേരളത്തെ സഊദി തലസ്ഥാന നഗരിയുമായി ബന്ധിപ്പിക്കാന്‍ ‘സൗദിയ’ സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിനായി റിയാദിലും പരിസര പ്രദേശങ്ങളിലുമുളള പ്രവാസികള്‍ ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു. സൗദിയ പാസഞ്ചര്‍ ഫോറം രുപീകരിച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി, സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എസ് അബ്ദുല്‍ അസീസ് നിവേദനത്തിന്റെ കരട് അവതരിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, ജോസഫ് അതിരുങ്കല്‍, അലക്‌സ് കൊട്ടാരക്കര, ഇത്യാസ് അഹമ്മദ്, റാഫി പാങ്ങോട്, നിസ്സാര്‍ പള്ളിക്കശ്ശേരില്‍, ഇസ്മായി നൗഷാദ്, അബ്ദുറഹ്മാന്‍, അനസ് ഓച്ചിറ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

2017 ഒക്‌ടോബറില്‍ തിരുവനന്തപുരം-റിയാദ്, ജിദ്ദ സെക്ടറില്‍ സൗദിയ സര്‍വ്വീസ് നടത്തിയിരുന്നു. അതു നിര്‍ത്തിയതിന് ശേഷം പുനരാരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ റിയാദില്‍ നിന്നുളള യാത്രക്കാര്‍ ഒന്നോ അതില്‍ക്കൂടുതലോ വിമാനം കയറിയും ദീര്‍ഘ നേരം ട്രാന്‍സിറ്റിന് കാത്തിരുന്നും യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്്. ഓക്‌സിജന്‍ സഹായത്തോടെ യാത്രചെയ്യേണ്ട രോഗികള്‍, സ്‌ട്രെച്ചര്‍ രോഗികള്‍, വയോധികര്‍, രക്ഷിതാക്കളില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍, മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അടിയന്തിര യാത്ര ആവശ്യമുളളവര്‍, കുട്ടികളോടൊപ്പം യാത്ര ചെയ്യുന്ന കുടുംബങ്ങള്‍, വിനോദസഞ്ചാരികള്‍ എന്നിവരെല്ലാം ഏറെ ക്ലേശം സഹിച്ചാണ് യാത്ര ചെയ്യുന്നതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

സഊദിയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍-സര്‍വകലാശാല ജീവനക്കാര്‍, വന്‍കിട കമ്പനികള്‍ എന്നിവിടങ്ങളിലെ വിദേശ ജീവനക്കാര്‍ക്ക് സഊദി എയര്‍ലൈന്‍സ് വിമാന ടിക്കറ്റുകളാണ് അനുവദിക്കുന്നത്. ഇവര്‍ കൊച്ചി, കോഴിക്കോട് വഴിയാണ് നിലവില്‍ യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ റോഡ് മാര്‍ഗം ലക്ഷ്യസ്ഥാനത്ത് എത്താന്‍ മണിക്കൂറുകള്‍ സഞ്ചരിക്കണം. റിയാദില്‍ നിന്ന് ജിദ്ദ വഴി തിരുവനന്തപുരത്ത് എത്തിച്ചേരാനും മണിക്കൂറുകള്‍ ചെലവഴിക്കണം. ഈ സാഹചര്യത്തില്‍ സൗദിയ വിമാന സര്‍വ്വീസ് അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പ റാംമോഹന്‍ നായിഡുവിനു ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശ് വഴി നിവേദനം സമര്‍പ്പിക്കുമെന്ന് സൗദിയ പാസഞ്ചര്‍ ഫോറം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top