
മദീന: കടുത്ത വേനലിലും പ്രവാചക നഗരിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കുളിര്‍മ്മയേകി മദീന മസ്ജിദുന്നബവിയില്‍ വെള്ള മാര്‍ബിള്‍ പാകിയ തിരുമുറ്റം. വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും കാര്യങ്ങള്‍ക്കായുള്ള ജനറല്‍ അതോറിറ്റിയാണ് പ്രവാചക മസ്ജിദിലെ തണുപ്പിന്റെ രഹസ്യമായ ‘തസോസ്’ മാര്‍ബിളിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. പള്ളിക്ക് മനോഹാരിത നല്‍കുന്നതിനൊപ്പം പ്രകൃതിദത്തമായ കൂളിംഗ് സംവിധാനമായാണ് അപൂര്‍വ്വ മാര്‍ബിള്‍ സമ്മാനിക്കുന്നത്.

1,17,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് മസ്ജിദുന്നബവിയുടെ മേല്‍ക്കൂരയിലും പുറത്തെ തിരുമുറ്റത്തുമായി വെള്ള മാര്‍ബിള്‍ വിരിച്ചിരിക്കുന്നത്. കടുത്ത സൂര്യപ്രകാശത്തെയും താപതരംഗങ്ങളെയും പ്രതിഫലിപ്പിക്കാന്‍ സവിശേഷമായ കഴിവുള്ളവയാണ് ഗ്രീസിലെ തസോസ് ദ്വീപില്‍ നിന്ന് എത്തിച്ച വെണ്ണക്കല്ലുകള്‍.

മദീനയിലെ കടുത്ത ചൂടിലും മാര്‍ബിള്‍ പ്രതലം എപ്പോഴും തണുപ്പോടെ നിലനില്‍ക്കും. പള്ളിമുറ്റത്ത് പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന വിശ്വാസികള്‍ക്ക് ചെരിപ്പില്ലാതെ നടക്കുമ്പോള്‍ പോലും പാദങ്ങളില്‍ കുളിര്‍മ്മ നേരിട്ടറിയാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ലോകത്ത് ഇത്തരത്തില്‍ മാര്‍ബിള്‍ പാകിയ ഏറ്റവും വലിയ പ്രാര്‍ത്ഥനാ ഇടങ്ങളിലൊന്നാണ് മസ്ജിദുന്നബവിയിലേത്.
മദീനയിലെ കടുത്ത കാലാവസ്ഥയെ പ്രതിരോധിക്കാന്‍ ഏറ്റവും അനുയോജ്യമായതിനാലാണ് തസോസ് മാര്‍ബിള്‍ പള്ളിമുറ്റത്ത് നിരത്താന്‍ തിരഞ്ഞെടുത്തത്. ഇതിന്റെ തിളക്കവും തണുപ്പിക്കാനുള്ള ശേഷിയും ഒട്ടും കുറയാതെ നിലനിര്‍ത്താന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നിരന്തരം പോളിഷിങ്ങും ശുചീകരണവും നടക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദവും ആരോഗ്യത്തിന് പൂര്‍ണ്ണമായും സുരക്ഷിതവുമായ സാമഗ്രികള്‍ മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. വര്‍ഷം മുഴുവന്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തുന്ന മസ്ജിദുന്നബവിയില്‍ അവര്‍ക്ക് സുഖകരമായ പ്രാര്‍ത്ഥനാ സൗകര്യം ഒരുക്കുന്നതില്‍ തസോസ് മാര്‍ബിളുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






