
റിയാദ്: സൗദി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരങ്ങള്‍ക്ക് സ്വര്‍ണം. വിമണ്‍ സിംഗിള്‍സില്‍ ഖദീജ നിസ, മെയില്‍ സിംഗിള്‍സില്‍ ഷാമില്‍ എന്നിവരാണ് ജേതാക്കളായത്. റിയാദ് ഗ്രീന്‍ സ്‌റ്റേഡിയത്തില്‍ 32 ക്ലബുകളില്‍ നിന്നായി 124 താരങ്ങളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ബെസ്റ്റ് ഓഫ് ത്രീ പ്രകാരം അഞ്ച് ഗെയിമുകളില്‍ ഒരു തോല്‍വിപോലും വഴങ്ങാതെയാണ് ഖദീജയുടെ സ്വര്‍ണം.

അല്‍ സവാരി ക്ലബിന് വേണ്ടിയാണ് ഖദീജ ജേഴ്‌സി അണിഞ്ഞത്. നൂറ അല്‍ഗംദി, അസീല്‍ അല്‍മാലികി, ഹത്തൂണ്‍ തുര്‍ക്കിസ്ഥാനി, ഷൈമ അല്‍ഹര്‍ബി, ഏരിയല്‍ പെനാഫ്‌ളോര്‍ എന്നീ താരങ്ങളെയാണ് ഖദീജ നേരിട്ടത്. ഫിലിപ്പൈന്‍ താരം ഏരിയല്‍ പെനാഫഌര്‍ വെളളി നേടി.

അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി കളത്തിലിറങ്ങിയ കോഴിക്കോട് സ്വദേശി ഷാമില്‍ മൂട്ടുമ്മലാണ് പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. കഴിഞ്ഞ വഷത്തെ സൗദി ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാക്കളാണ് ഇരുവരും.

കോഴിക്കോട് കൊടുവളളി സ്വദേശിയാണ് ഖദീജ നിസ. കഴിഞ്ഞ മാസം ജര്‍മ്മനിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഖദീജ, കഴിഞ്ഞ വര്‍ഷത്തെ യൂനിവേഴ്‌സിറ്റി ബാഡ്മിന്റണ്‍ ചാമ്പ്യനാണ്.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പേരില്‍ സൗദി യൂനിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷനാണ് ജര്‍മ്മനിയില്‍ അരങ്ങേറിയ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയത്. സൗദി ദേശീയ ഗെയിംസില്‍ തുടര്‍ച്ചയായി മൂന്നു തവണ സ്വര്‍ണ മെഡല്‍ ജേതാവാണ്. കിംഗ്ഡം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലും സ്വര്‍ണം നേടിയിരുന്നു. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് നിരവധി രാജ്യാന്തര മത്സരങ്ങളിലായി ഖദീജ 19 മെഡലുകള്‍ നേടിയിരുന്നു.

റിയാദില്‍ ഐടി എഞ്ചിനീയറായ കൂടത്തിങ്ങല്‍ അബ്ദുല്ലത്തീഫ്, ഷാനിത ലത്തീഫ് ദമ്പതികളുടെ മകളാണ് ഖദീജ നിസ. കോഴിക്കോട് ദേവഗിരി കോളേജില്‍ സ്‌പോര്‍ട്‌സ് മാനേജ്മന്റ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. എട്ട് വയസ് മുതല്‍ പിതാവ് അബ്ദുല്‍ ലത്തീഫിനൊപ്പം റിയാദിലെ മലയാളികളുടെ ബാഡ്മിന്റണ്‍ ക്ലബായ സിന്‍മാര്‍ അക്കാദമിയിലാണ് ഖദീജ കളിച്ചു തുടങ്ങിയത്. സൗദി ദേശീയ ടീമില്‍ അംഗമാണ് ഖദീജ നിസ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






