Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

സാങ്കേതിക വിദ്യകളും ഭാവിയിലെ സാങ്കേതിക വിപ്ലവങ്ങളും ചര്‍ച്ച ചെയ്തു റിയാദ് എഡ്യൂ എക്‌സ്‌പോ

റിയാദ്: യന്ത്രവത്കൃത യുഗത്തിലെ ഹരിത കണ്ടുപിടുത്തങ്ങള്‍ മുതല്‍ നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ വരെ ചര്‍ച്ച ചെയ്ത റിയാദ് എഡ്യൂ എക്‌സ്‌പോ-2025 സമാപിച്ചു. അതിവേഗം വളരുന്ന ആധുനിക സാങ്കേതിക വിദ്യകളും ഭാവിയിലെ സാങ്കേതിക വിപ്ലവങ്ങളും സമഗ്രമായി എക്‌സ്‌പോ വിശകലനം ചെയ്തു. ഉന്നത വിദ്യാഭ്യാസം തെരഞ്ഞെടുക്കുമ്പോള്‍ ഉചിതമായ പഠന വിഷയങ്ങള്‍ കണ്ടെത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതായിരുന്നു പരിപാടി.

ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി കെഎംസിസി റിയാദ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ദ്വിദിന പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്തു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോ.സയീദ് അന്‍വര്‍ ഖുര്‍ഷീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെ കേണല്‍ സരബ്ജീത് സിംഗ്, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ വൈ.സാബിര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീര റഹ്മാന്‍, അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുബി ഷാഹിര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഐ.എസ്.ആര്‍.ഒ മുന്‍ സയന്റിസ്റ്റും മര്‍കസ് നോളേജ് സിറ്റി സി.ഇ.ഒയുമായ ഡോ. അബ്ദുസ്സലാം ‘മനുഷ്യ-യന്ത്രവത്കൃത യുഗത്തില്‍ ഹരിത കണ്ടുപിടുത്തങ്ങള്‍ വളര്‍ത്തുക’ എന്ന വിഷയം അവതരിപ്പിച്ചു. സൈബര്‍ സുരക്ഷാ വിദഗ്ധനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. ജി ആനന്ദ് പ്രഭു ‘ഡിജിറ്റല്‍ യുഗത്തില്‍ ബുദ്ധിപൂര്‍വ്വം ചിന്തിക്കുക, സുരക്ഷിതരായിരിക്കുക, ജീവിതത്തിലും പഠനത്തിലും പ്രാവീണ്യം നേടുക എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കരിയര്‍ വിദഗ്ധന്‍ എഞ്ചിനീയര്‍ അബ്ദുല്‍ നിസാര്‍ ‘പ്ലസ് ടൂവിന് ശേഷമുളള കരിയര്‍ വഴികള്‍’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രി വിദഗ്ധര്‍ പങ്കെടുത്ത പാനല്‍ ഡിസ്‌കഷന്‍ ശ്രദ്ധേയമായി. ടെക് പ്രോക്‌സിമ എക്‌സികുട്ടീവ് ഡയറക്ടര്‍ ഷെയ്ഖ് സലിം നയിച്ച ഡിസ്‌കഷനില്‍ ഒറാക്കിള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡ്‌വൈസറി ഡയറക്ടര്‍ മുഹമ്മദ് അഹമ്മദ്, സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ അമീര്‍ ഖാന്‍, ഡോ. ഷഫീഖ് അഹമ്മദ്, സൈക്കോളജിസ്റ്റ് സുഷമ ഷാന്‍, സാബിക് സ്റ്റാഫ് സയന്റിസ്റ്റ് അബ്ദുല്‍ നിസാര്‍, വ്യവസായി സാദിഖ് കെ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

രണ്ടാം ദിനത്തില്‍ കിങ് സൗദ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഡോ. മുക്താര്‍ അഹമ്മദ് (സൗദിയിലെ ഉപരി പഠന സാധ്യതള്‍), ടാര്‍ഗറ്റ് ജനറല്‍ മാനേജര്‍ മുനീര്‍ എം സി (‘ദാസ’ സ്‌കീമും എന്‍ഐടി എഞ്ചിനീയറിംഗ് പ്രവേശനവും), ഡോ. അബ്ദുല്‍ സലാം (ജോഗ്രഫിക് ഇന്‍ഫര്‍മേഷനിലെ കരിയര്‍ സാധ്യതകള്‍), ഡിടിഎം സാമര്‍ കമാല്‍ (കരിയര്‍ വളര്‍ച്ചയില്‍ ലീഡര്‍ഷിപ്പിനും കമ്മ്യൂണിക്കേഷനിലുമുള്ള പ്രാധാന്യം), എഞ്ചി. അമീര്‍ ഖാന്‍ (സൈബര്‍ സെക്യൂരിറ്റി), ഡോ.അബ്ദുല്‍ മതീന്‍ (അധ്യാപനവും എഐ ടൂളുകളും), പി കെ മുസ്തഫ (സയന്റിസ്റ്റിലേക്കുള്ള പാത) എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
റിയാദിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ കാലം സേവനം അനുഷ്ടിച്ച അധ്യാപകരെയും ബോര്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ എം സി സ്വാഗതവും മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് അസ്‌ലം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top