നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദിയില്‍ 15 പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 133 ആയി ഉയര്‍ന്നു. പതിമൂന്ന് സ്വദേശികള്‍ക്കും രണ്ട് വിദേശികള്‍ക്കുമാണ് മാര്‍ച്ച് 16ന് രോഗം സ്ഥിരീകരിച്ചത്. ജിദ്ദയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് പുതിയ നാല് കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു അഫ്ഗാനിസ്ഥാന്‍ പൗരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജിദ്ദയില്‍ കൊവിഡ് ബാധിച്ചത്. റിയാദില്‍ വിദേശത്ത് നിന്നെത്തിയ നാലു സൗദി പൗരന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മക്കയില്‍ സ്ഥിരീകരിച്ച രണ്ട് കേസുകളില്‍ ഒരാള്‍ ഈജിപ്ഷ്യന്‍ പൗരനും രണ്ടാമത്തെയാള്‍ തുര്‍ക്കിയില്‍ നിന്നെത്തിയ സ്വദേശിയുമാണ്.
രോഗം സ്ഥിരീകരിച്ച സ്‌പെയിനില്‍ നിന്നെത്തിയ പൗരനെ ദഹ്‌റാനിലെ ആരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റി. മറ്റൊരു സ്വദേശി വനിതയെ ഖത്തീഫിലുളള ആശുപത്രിയില്‍ ചികിത്സയിലാണ്.
വൈറസ് ബാധ സ്ഥിരീകരിച്ച 133 കേസുകളില്‍ 73 സ്വദേശികളും 60 വിദേശികളുമാണ്. ആറു പേര്‍ക്ക് രോഗം ഭേദപ്പെട്ടതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചു. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നും അല്ലാത്ത സമയം വീടുകളില്‍ ചെലവഴിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശക്തമായ മുന്‍കരുതല്‍ നടപടികളുമായാണ് സൗദി അറേബ്യ മുന്നോട്ട് പോകുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






