Sauditimesonline

7 prediction gift
ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം

നീര്‍മാതളം പൂത്ത ഓര്‍മകളും ‘ബിഗ് ബ്രദറി’ന്റെ നിഴലുകളും

ദമ്മാം: അക്ഷരങ്ങളുടെ മഷിഗന്ധം തേടി പ്രവാസലോകത്തെ വായനക്കാര്‍ ഒത്തുചേര്‍ന്നപ്പോള്‍ ‘സാഹിതീയം’ വേദിയായത് ലോകസാഹിത്യത്തിലെ രണ്ട് വിരുദ്ധ ധ്രുവങ്ങളിലുള്ള കൃതികളുടെ സംഗമം. സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിച്ച പുസ്തകാവതരണവും ചര്‍ച്ചയും മാധവിക്കുട്ടിയുടെ ഗൃഹാതുരമായ ‘നീര്‍മാതളം പൂത്ത കാല’ത്തിലേക്കും ജോര്‍ജ് ഓര്‍വെലിന്റെ രാഷ്ട്രീയ വിക്ഷോഭമായ നോവല്‍ ‘1984’ലേക്കും പ്രവാസികളെ കൈപിടിച്ചു നടത്തി. ദമ്മാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ സമദ് റഹ്മാന്‍ കൂടല്ലൂരും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ ഷാനയും രണ്ട് കാലഘട്ടങ്ങളെ അനാവരണം ചെയ്തു. സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു.

നിഷ്‌കളങ്കതയും ബന്ധങ്ങളുടെ ഊഷ്മളതയും കൈമോശം വന്ന വര്‍ത്തമാനകാലത്ത് ‘നീര്‍മാതളം പൂത്ത കാലം’ എന്ന കൃതി കുളിര്‍മഴയാണെന്ന് സമദ് കൂടല്ലൂര്‍ ഓര്‍മ്മപ്പെടുത്തി. 1940കളിലെ നാലപ്പാട്ടും കല്‍ക്കത്തയിലുമുള്ള ബാല്യകൗമാര ഓര്‍മ്മകളെ ഹൃദയം തൊടുന്ന ഭാഷയില്‍ അടയാളപ്പെടുത്തിയ കൃതി 1997ല്‍ വയലാര്‍ പുരസ്‌കാരം നേടി. വായനക്കാരന്റെ മനസ്സിനെ എഴുപത് വര്‍ഷം പുറകിലേക്ക് കൊണ്ടുപോകുന്ന ഓര്‍മ്മകള്‍ക്ക് അപ്പുറം ഒരു കാലഘട്ടത്തിന്റെ സാമൂഹിക വിശ്വാസങ്ങളെയും ജീവിതരീതികളെയും അനാവരണം ചെയ്യുന്ന അത്യപൂര്‍വ്വ സാഹിത്യ സൃഷ്ടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള രാഷ്ട്രീയ സങ്കീര്‍ണ്ണതകളെ ജോര്‍ജ് ഓര്‍വല്‍ എപ്രകാരം ഭാവനാത്മകമായി പകര്‍ത്തിയെടുത്തു എന്നതാണ് ഫാത്തിമ ഷാന ചര്‍ച്ച ചെയ്തത്. അധികാരം സ്വേച്ഛാധിപത്യത്തിന് വഴിമാറുന്ന ‘ഓഷ്യാന’ എന്ന കാല്‍പ്പനിക രാജ്യവും അവിടെ ബിഗ് ബ്രദര്‍ എന്ന നേതാവിന്റെ നിഴലില്‍ ഞെരിഞ്ഞമരുന്ന മനുഷ്യജീവിതങ്ങളും ഇന്നും ലോകത്തിന്റെ വിവിധ കോണുകളില്‍ യാഥാര്‍ത്ഥ്യമാണെന്ന് ഫാത്തിമ ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതപ്പെട്ടതാണെങ്കിലും ഒരു വാക്കുപോലും മാറ്റാനില്ലാത്ത വിധം സമകാലികമാണ് ‘1984’ എന്ന് സമര്‍ത്ഥിച്ച ഫാത്തിമയുടെ അവതരണം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ഡോ. സിന്ധു ബിനു മോഡറേറ്ററായിരുന്നു. മുഹമ്മദ് നജാത്തി, സോഫിയ ഷാജഹാന്‍, അഷ്‌റഫ് ആലുവ, ഡോ. രശ്മി ചന്ദ്രന്‍ എന്നിവര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. മുരളീധരന്‍, ഹുസൈന്‍ ചമ്പോളില്‍, വിനോദ് കുഞ്ഞ് നേതൃത്വം നല്‍കി. രഞ്ജിത്ത് വടകര, ഷബീര്‍ ചാത്തമംഗലം, ഉണ്ണുണ്ണി ഷിബു എന്നിവര്‍ സന്നിഹിതരായിരുന്നു. ഷനീബ് അബൂബക്കര്‍ സ്വാഗതവും ബിനു കുഞ്ഞ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top