Sauditimesonline

PASSPORT ED
പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെങ്കില്‍ പിന്നെന്ത്? കേന്ദ്ര നിലപാടില്‍ പ്രവാസ ലോകത്ത് ആശങ്ക: കെഎംസിസി രംഗത്ത്

സൗദി ആരോഗ്യമേഖലയില്‍ പുനഃസംഘടന: മലയാളി നഴ്‌സുമാര്‍ക്കും നിര്‍ണായകം

നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: സഊദി ആരോഗ്യരംഗത്തെ സമഗ്ര പരിഷ്‌കരണങ്ങളുടെ ഭാഗമായി മന്ത്രാലയം ജീവനക്കാരെ ഹെല്‍ത്ത് ക്ലസ്റ്ററുകളിലേക്ക് മാറ്റുന്ന രണ്ടാം ഘട്ട നടപടികള്‍ക്ക് തുടക്കം. അല്‍ അഹ്‌സ, ത്വാഇഫ്, നജ്‌റാന്‍, ഹാഇല്‍, തബൂക്ക്, നോര്‍ത്തേണ്‍ ബോര്‍ഡേഴ്‌സ്, ഹഫര്‍ അല്‍ ബാത്തിന്‍ എന്നീ പ്രവിശ്യകളിലെ ആരോഗ്യ മന്ത്രാലയം ജീവനക്കാര്‍ക്കാണ് ഹെല്‍ത്ത് ക്ലസ്റ്ററുകളിലേക്ക് മാറുന്നതിനുള്ള ട്രാന്‍സ്ഫര്‍ നോട്ടീസ് അയച്ചുതുടങ്ങിയത്.

ജീവനക്കാര്‍ക്ക് ട്രാന്‍സ്ഫര്‍ സ്വീകരിക്കാനോ നിരസിക്കാനോ 10 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. 2026 ജൂണ്‍ 25ന് ആരംഭിച്ച സമയപരിധി ജൂലൈ 5 ഓഫീസ് സമയം വരെയാണ്. അംഗീകൃത ചാനലുകള്‍ വഴി മാത്രമേ തീരുമാനങ്ങള്‍ അറിയിക്കാന്‍ സാധിക്കൂ. ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വവും അവകാശങ്ങളും പൂര്‍ണ്ണമായി സംരക്ഷിച്ചാണ് മാറ്റം നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കിയ ലേബര്‍ ഷിഫ്റ്റിംഗ് വിജയിച്ചതോടെയാണ് രണ്ടാം ഘട്ടം പ്രഖ്യാപിച്ചത്. ഒന്നാം ഘട്ടത്തില്‍ 62,000ത്തിലധികം വരുന്ന ക്ലിനിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരെയാണ് പുനര്‍വിന്യസിച്ചത്. ഇതില്‍ 99.9 ശതമാനം ജീവനക്കാരും മന്ത്രാലയത്തിന്റെ മാറ്റത്തെ സ്വാഗതം ചെയ്തു.

ആരോഗ്യമേഖലയിലെ പൊതുമേഖലാ കമ്പനി ‘ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനി’യുടെ കീഴിലാണ് ക്ലസ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ മാറ്റത്തോടെ ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷം ലഭിക്കുമെന്നും പ്രൊഫഷണല്‍ വികാസത്തിന് കൂടുതല്‍ അവസരങ്ങള്‍ തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതോടൊപ്പം മലയാളി നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും അടങ്ങുന്ന വലിയൊരു വിഭാഗം പ്രവാസി ജീവനക്കാരുടെ പ്രവര്‍ത്തന രീതികളിലും കരാര്‍ വ്യവസ്ഥകളിലും ഹെല്‍ത്ത് ക്ലസ്റ്റര്‍ സംവിധാനം വലിയ സ്വാധീനം ചെലുത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ പൊതുജനാരോഗ്യ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനി തുടങ്ങിയത്. ഇതുവഴി രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ഭരണം പൂര്‍ണ്ണമായും പൊതുമേഖലാ കമ്പനിയുടെ കീഴിലേക്ക് മാറും. ഇതുവരെ ആശുപത്രികളുടെ നേരിട്ടുള്ള നടത്തിപ്പ് ചുമതല ആരോഗ്യ മന്ത്രാലയത്തിനായിരുന്നു. ഇനി മുതല്‍ നിയമങ്ങള്‍ നിര്‍മ്മിക്കാനും മേല്‍നോട്ടം വഹിക്കാനുമുള്ള റെഗുലേറ്ററി ബോഡിയായി മാത്രമായിരിക്കും മന്ത്രാലയം പ്രവര്‍ത്തിക്കുക. രാജ്യത്തെ വിവിധ പ്രവിശ്യകളിലെ ആശുപത്രികളെ കോര്‍ത്തിണക്കി രൂപീകരിക്കുന്ന ഹെല്‍ത്ത് ക്ലസ്റ്ററുകള്‍ വഴിയാണ് ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനി വികേന്ദ്രീകൃത ഭരണം നടപ്പിലാക്കുന്നത്.
കോര്‍പ്പറേറ്റ് ശൈലിയിലേക്കുള്ള മാറ്റം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് വലിയ ഗുണം ചെയ്യും.

ചികിത്സാ സേവനങ്ങളുടെ നിലവാരം വര്‍ദ്ധിക്കുന്നതിനൊപ്പം അപ്പോയിന്റ്‌മെന്റുകള്‍, ലബോറട്ടറി ഫലങ്ങള്‍, മരുന്ന് വിതരണം എന്നിവയെല്ലാം കൂടുതല്‍ വേഗതയേറിയ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറും. അതേസമയം, ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനി രൂപീകരിച്ചാലും സ്വദേശി പൗരന്മാര്‍ക്ക് നിലവിലുള്ള സൗജന്യ ചികിത്സയും ഇന്‍ഷുറന്‍സ് പരിരക്ഷയും തുടര്‍ന്നും ലഭ്യമായിരിക്കും.
ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസി നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുതിയ കമ്പനിയുടെ വരവ് ഏറെ നിര്‍ണായകമാണ്. നിലവില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാര്‍ ഘട്ടം ഘട്ടമായി ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ പുതിയ കോര്‍പ്പറേറ്റ് തൊഴില്‍ കരാറുകളിലേക്ക് മാറേണ്ടി വരും.

ജീവനക്കാരുടെ കാര്യക്ഷമതയും രോഗികളോടുള്ള പെരുമാറ്റവും കൃത്യമായി വിലയിരുത്തുന്ന പുതിയ പെര്‍ഫോമന്‍സ് അധിഷ്ഠിത സംസ്‌കാരമായിരിക്കും കമ്പനി നടപ്പിലാക്കുക. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് വേഗത്തിലുള്ള പ്രമോഷനുകളും കൂടുതല്‍ പ്രൊഫഷണലായ തൊഴില്‍ അന്തരീക്ഷവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍, പരമ്പരാഗതമായ സര്‍ക്കാര്‍ ശൈലിയില്‍ നിന്ന് മാറി ബിസിനസ്സ് വ്യവസ്ഥിതിയിലേക്ക് ആരോഗ്യരംഗത്തെ മാറ്റിയെടുക്കുന്നതിലൂടെ സേവന മികവിന്റെ പുതിയൊരു അധ്യായം തുടക്കമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top