Sauditimesonline

PASSPORT ED
പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെങ്കില്‍ പിന്നെന്ത്? കേന്ദ്ര നിലപാടില്‍ പ്രവാസ ലോകത്ത് ആശങ്ക: കെഎംസിസി രംഗത്ത്

പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെങ്കില്‍ പിന്നെന്ത്? കേന്ദ്ര നിലപാടില്‍ പ്രവാസ ലോകത്ത് ആശങ്ക: കെഎംസിസി രംഗത്ത്

റിയാദ്: പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രവാസികളോടുള്ള വെല്ലുവിളിയാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നും സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് ആശങ്കാജനകമാണ്. ഈ വിഷയങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുസ്ലിംലീഗ് എംപിമാര്‍ എന്നിവര്‍ക്ക് കെഎംസിസി നിവേദനം നല്‍കി.

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കിടയിലും നാട്ടിലെ സാധാരണക്കാര്‍ക്കിടയിലും കനത്ത ആശങ്കയ്ക്കും സാമ്പത്തിക ഭാരത്തിനും കാരണമായിട്ടുള്ള രണ്ട് തീരുമാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെഎംസിസി നേതാക്കള്‍ ആവശ്യപ്പെട്ടു. 36 പേജുകളുള്ള സാധാരണ പാസ്‌പോര്‍ട്ടിന്റെ അപേക്ഷാ ഫീസ് 1500 രൂപയില്‍ നിന്ന് 2500 രൂപയായി ഒറ്റയടിക്ക് ഉയര്‍ത്തിയത് സാധാരണക്കാരായ പൗരന്മാര്‍ക്കേറ്റ ഇരുട്ടടിയാണ്. തൊഴില്‍ തേടുന്ന യുവാക്കള്‍ക്കും പ്രവാസി തൊഴിലാളികള്‍ക്കും കുറഞ്ഞ വരുമാനക്കാരായ ജീവനക്കാര്‍ക്കും വര്‍ധന താങ്ങാനാകുന്നതല്ല. വിശേഷിച്ചും സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പെട്ടെന്നുള്ള ഫീസ് വര്‍ധനവ് വലിയ ബാധ്യതയാകും.

പാസ്‌പോര്‍ട്ട് എന്നത് ആഡംബര വസ്തുവല്ല; മറിച്ച് ദശലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളുടെ അതിജീവനത്തിനും ഉപജീവനത്തിനുമുള്ള അത്യാവശ്യ രേഖയാണ്. വിദേശ പണമിടപാടുകളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കുന്ന ജനവിഭാഗത്തിന് മേല്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നത് തികച്ചും അനീതിയാണെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി ്യക്തമാക്കി.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കേവലം യാത്രാ രേഖ മാത്രമാണെന്നും അതിനെ പൗരത്വത്തിന്റെ കൃത്യമായ തെളിവായി കാണാനാകില്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ സമീപകാല നിലപാട് രാജ്യത്താകമാനവും വിദേശ ഇന്ത്യക്കാര്‍ക്കിടയിലും വലിയ നിയമപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ നിലപാട് അടിയന്തരമായി പുനഃപരിശോധിക്കണം.

വിവിധ സര്‍ക്കാര്‍നിയമപാലന ഏജന്‍സികളുടെ നിരന്തരവും സൂക്ഷ്മവുമായ പരിശോധനകള്‍ക്കും പോലീസ് വെരിഫിക്കേഷനും ശേഷമാണ് രാജ്യത്ത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. അപേക്ഷകന്റെ ദേശീയതയും നിയമപരമായ പദവിയും ഇത്രയും കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം പരമാധികാരമുള്ള സര്‍ക്കാര്‍ സംവിധാനം നല്‍കുന്ന ഔദ്യോഗിക രേഖയ്ക്ക് പൗരത്വം തെളിയിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ദശലക്ഷക്കണക്കിന് പൗരന്മാരെ അനാവശ്യ പ്രതിസന്ധിയിലേക്ക് തള്ളിവിടലാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം പാസ്‌പോര്‍ട്ട് എന്നത് അവരുടെ വ്യക്തിത്വത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും അടയാളമാണ്. പൗരത്വത്തിനുള്ള തെളിവ് എന്ന നിലയിലുള്ള അതിന്റെ നിയമപരമായ സാധ്യത ഇല്ലാതാക്കുന്നത് പൗരന്മാരും ഭരണകൂടവും തമ്മിലുള്ള അടിസ്ഥാനപരമായ വിശ്വാസത്തെ തകര്‍ക്കുമെന്നും കെഎംസിസി നേതാക്കളായ കെ.പി. മുഹമ്മദ് കുട്ടി, കുഞ്ഞിമോന്‍ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള എന്നിവര്‍ നിവേദനത്തില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top