Sauditimesonline

8 icf
മലബാറിന് പ്രവാസത്തിന്റെ കാരുണ്യസ്പര്‍ശം; ഒരു കോടിയുടെ സാന്ത്വന പദ്ധതികളുമായി ഐസിഎഫ് റിയാദ്

മലബാറിന് പ്രവാസത്തിന്റെ കാരുണ്യസ്പര്‍ശം; ഒരു കോടിയുടെ സാന്ത്വന പദ്ധതികളുമായി ഐസിഎഫ് റിയാദ്

റിയാദ്: കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെ ഒരു കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് റീജിയന്‍. എസ്‌വൈഎസ് കോഴിക്കോട് ജില്ലാ സാന്ത്വനവുമായി കൈകോര്‍ത്താണ് നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകുന്ന പദ്ധതി നടപ്പാക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോഴിക്കോടിന് പുറമെ മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, നീലഗിരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളേജിലെത്തുന്ന സാധാരണക്കാരായ രോഗികള്‍ക്ക് പുതിയ ആംബുലന്‍സ് സര്‍വീസ് വലിയ തുണയാകും. മലബാറിലെ ഗ്രാമീണ മേഖലകളിലെ ഇടുങ്ങിയ റോഡുകളിലൂടെ സുഗമമായി സഞ്ചരിക്കാന്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോടെയാണ് ആംബുലന്‍സ് ഒരുക്കിയിരിക്കുന്നത്. നിര്‍ധനര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും സേവനം നല്‍കും.

ആംബുലന്‍സിന് ആവശ്യമായ ധനസഹായം ഏപ്രിലില്‍ കോഴിക്കോട് മര്‍കസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഐസിഎഫ് ഭാരവാഹികള്‍ കൈമാറിയിരുന്നു. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി എ.പി. അബ്ദുല്‍ ഹകീം അസ്ഹരി ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് കഴിഞ്ഞ ആഴ്ച നിര്‍വഹിച്ചു.

ഒരു വര്‍ഷത്തിനിടെ ഒരു കോടിയിലധികം രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളാണ് ഐസിഎഫ് റിയാദ് റീജിയന്‍ നടപ്പാക്കിയത്. ‘ദാറുല്‍ ഖൈര്‍’ പദ്ധതിയിലൂടെ രണ്ടു വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. ‘സ്‌നേഹസ്പര്‍ശം’ പദ്ധതി പ്രകാരം മുന്‍ പ്രവാസികള്‍ക്ക് പെന്‍ഷന്‍, മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കുള്ള റിലീഫ് ഫണ്ട്, റമദാന്‍ ഹദിയ, അടിയന്തര ചികിത്സാ സഹായം, നാട്ടിലേക്ക് മടങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കുള്ള യാത്രാസഹായം തുടങ്ങിയ ക്ഷേമപദ്ധതികളും ഐസിഎഫിന്റെ പദ്ധതികളില്‍ ഉള്‍പ്പെടും. റിയാദിലെ ഉംറ സര്‍വീസ് ഗ്രൂപ്പായ ‘അല്‍ ഖുദ്‌സി’ന്റെ സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഐസിഎഫ് റീജിയന്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം കരീം, ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍, അല്‍ ഖുദ്‌സ് ചെയര്‍മാന്‍ ഫൈസല്‍ മമ്പാട്, വെല്‍ഫെയര്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍, പി.ആര്‍ ആന്‍ഡ് മീഡിയ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top