Sauditimesonline

ICF D
തുണയായി 8 കോടിയുടെ കരുതല്‍; ഐസിഎഫ് നാഷനല്‍ കൗണ്‍സില്‍ സമാപിച്ചു

തുണയായി 8 കോടിയുടെ കരുതല്‍; ഐസിഎഫ് നാഷനല്‍ കൗണ്‍സില്‍ സമാപിച്ചു

റിയാദ്: ഐസിഎഫ് വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് റിയാദില്‍ പ്രൗഢ സമാപനം. ‘ഹൊറൈസണ്‍സ്’ എന്ന ശീര്‍ഷകത്തില്‍ യൂണിറ്റ്, ചാപ്റ്റര്‍ കൗണ്‍സിലുകള്‍ പൂര്‍ത്തിയാക്കിയാണ് നാഷനല്‍ കൗണ്‍സില്‍ പ്രതിനിധികള്‍ തലസ്ഥാനനഗരിയില്‍ ഒത്തുചേര്‍ന്നത്. റിയാദ് ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ നാഷനല്‍ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മുക്കത്തിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ചു.

ഐസിഎഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൗണ്‍സിലിന് നേതൃത്വം നല്‍കിയ ഇന്റര്‍നാഷനല്‍ അഡ്മിന്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം ആഹ്വാനം ചെയ്തു.

കഴിഞ്ഞ വര്‍ഷം ജീവകാരുണ്യം, വിവാഹ ചികിത്സാ സഹായങ്ങള്‍, ദാറുല്‍ ഖൈര്‍ ഭവന നിര്‍മാണം, അര്‍ഹരായ പ്രവാസികള്‍ക്കുള്ള യാത്രാ ടിക്കറ്റുകള്‍, ദഅവ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലായി എട്ട് കോടിയിലധികം രൂപയുടെ സഹായങ്ങള്‍ ഐസിഎഫ് നാഷനല്‍ കമ്മിറ്റി വിതരണം ചെയ്തു. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് ‘രിഫാഈ കെയര്‍’ പദ്ധതിക്ക് പ്രവാസി സമൂഹത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനു പുറമെ, അംഗങ്ങളുടെ സാമൂഹികസാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവിഷ്‌കരിച്ച ‘പ്രവാസി കെയര്‍’ പദ്ധതിയുടെ പ്രായോഗികതയും കൗണ്‍സിലില്‍ നേതാക്കള്‍ വിശദീകരിച്ചു. ഗള്‍ഫ് മേഖലയില്‍ നിലവില്‍ പുറത്തിറങ്ങുന്ന ഏക മലയാളം അച്ചടി പ്രസിദ്ധീകരണം ‘പ്രവാസി വായന’യുടെ വിതരണവും യോഗം വിലയിരുത്തി.

നാഷനല്‍ സെനറ്റ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ‘സെല്‍ഫ് അസ്സസ്‌മെന്റ്’ നടപടികള്‍ക്ക് ഇന്റര്‍നാഷനല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം നേതൃത്വം നല്‍കി. ഇന്റര്‍നാഷനല്‍ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, നാഷനല്‍ ജനറല്‍ സെക്രട്ടറി സിറാജ് കുറ്റിയാടി, ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ എറണാകുളം എന്നിവരും പങ്കെടുത്തു.

വിവിധ ഡയറക്ടറേറ്റ് സെക്രട്ടറിമാരായ ബഷീര്‍ പറവൂര്‍, മുഹമ്മദലി വേങ്ങര, അഷ്‌റഫലി എം.കെ (ഓപ്പറേഷന്‍), ഉമര്‍ മുസ്‌ലിയാര്‍ പന്നിയൂര്‍, അഷ്‌റഫ് കരുവമ്പൊയില്‍ (ഹ്യൂമന്‍ റിസോഴ്‌സ്), അബുസാലിഹ് മുസ്‌ലിയാര്‍, ലുഖ്മാന്‍ പാഴൂര്‍ (സോഷ്യല്‍ സര്‍വീസ്) എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഭാവി കര്‍മപദ്ധതികള്‍ക്കും കൗണ്‍സില്‍ രൂപം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top