
മലപ്പുറം: റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി പ്രകാരം പ്രവാസത്തിനിടെ മരിച്ച 8 പേരുടെ കുടുംബങ്ങള്‍ക്കുള്ള 80 ലക്ഷം രൂപയുടെ ധന സഹായവും വിവിധ സിഎച്ച് സെന്ററുകള്‍ക്കായി സമാഹരിച്ച ഒരുകോടിയിലധികം രൂപയുടെ ഫണ്ടും വിതരണം ചെയ്തു. പാണക്കാട്ട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച ബേബി മുടിക്കില്‍പാത്തില്‍ മത്തായിയുടെ ആശ്രിതരായ അന്‍ഹ ഷിനുവിന്റെ മാതാവ് ഷീജയ്ക്ക് 10 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സേവന മേഖലയില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രവാസലോകത്തും നാട്ടിലും സഹജീവികളെ ചേര്‍ത്തുപിടിക്കുന്ന ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച കുവക്കണ്ടി മുഹമ്മദ്, നൂര്‍ മുഹമ്മദ് ഷാഹുല്‍, സൈതലവി ചുണ്ടുംപട്ട, അബ്ദുല്‍ റഷീദ്, ശ്രീകുമാര കാരണവര്‍, മുഹമ്മദ് കെ.എ, അബ്ദുല്‍ റഷീദ് കണ്ണൂര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ ചെക്കുകളും കൈമാറി. പ്രവാസി കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണ സാമ്പത്തിക സുരക്ഷയും ആശ്വാസവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷധ്യമെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ വ്യക്തമാക്കി.
സുരക്ഷാ ഫണ്ടിന് പുറമെ, സംസ്ഥാനത്തെ വിവിധ സിഎച്ച് സെന്ററുകള്‍ക്കായി റിയാദ് കെഎംസിസി വഴി പിരിച്ചെടുത്ത ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായവും കൈമാറി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം സിഎച്ച് സെന്ററിനുള്ള 5 ലക്ഷം രൂപയുടെ ധനസഹായ ചെക്ക് ഭാരവാഹിയായ ഫത്തഹിന് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി. കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അശ്റഫ് വേങ്ങാട്, വൈസ് പ്രസിഡന്റ് ഉസ്മാന് അലി പാലത്തിങ്ങല്‍, സുരക്ഷാ സമിതി ചെയര്മാന് അബ്ദുല്‍ റഹ്മാന് ഫറോക്ക് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





