Sauditimesonline

saudia airlines
പോയിന്റ് ഓഫ് കോളില്‍ കുടുങ്ങി ചിറക് വിടരാതെ റിയാദ്-തിരുവനന്തപുരം സ്വപ്നങ്ങള്‍

പോയിന്റ് ഓഫ് കോളില്‍ കുടുങ്ങി ചിറക് വിടരാതെ റിയാദ്-തിരുവനന്തപുരം സ്വപ്നങ്ങള്‍

മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സര്‍വീസ് വേണമെന്ന പ്രവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം വീണ്ടും ശക്തമാകുന്നു. ഓണം ഉള്‍പ്പെടെ ആഘോഷ വേളകളില്‍ കുറഞ്ഞ ദിവസത്തെ അവധിയില്‍ നാട്ടിലെത്താന്‍ നേരിട്ടുള്ള സര്‍വീസുകളില്ലാത്തത് ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളുടെയും സാധാരണക്കാരുടെയും യാത്രാസ്വപ്നങ്ങള്‍ക്കാണ് തിരിച്ചടിയാകുന്നത്.

നിലവില്‍ റിയാദില്‍ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസുകളുണ്ട്. എന്നാല്‍ തിരുവനന്തപുരം മേഖലയിലുള്ളവര്‍ക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴിയോ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ മെട്രോ നഗരങ്ങള്‍ വഴിയോ മണിക്കൂറുകള്‍ ചുറ്റിക്കറങ്ങി മാത്രമേ നാട്ടിലെത്താനാകൂ. അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍ക്കും കൊച്ചുകുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കും ഇത് വലിയ സമയനഷ്ടവും സാമ്പത്തിക ബാധ്യതയുമാണ് സൃഷ്ടിക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദ്-തിരുവനന്തപുരം സര്‍വീസ് ഉടന്‍ ആരംഭിച്ചേക്കുമെന്ന് സൂചനയുണ്ടെങ്കിലും, മികച്ച സേവനവും കൃത്യനിഷ്ഠയും ഉറപ്പുനല്‍കുന്ന സൗദി എയര്‍ലൈന്‍സ്, ഫ്‌ലൈനാസ്, ഫ്‌ളൈ അദീല്‍ തുടങ്ങിയ സൗദി വിമാനക്കമ്പനികളിലൊന്ന് ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാത്തതാണ് ‘സൗദിയ’ ഉള്‍പ്പെടെയുളള സൗദി അറേബ്യന്‍ വിമാന കമ്പനികള്‍ക്ക് തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വ്വീസ് നടത്താന്‍ കഴിയാത്തതിന് കാരണം. ഇതിനായി തിരുവനന്തപുരം-റിയാദ് പാസ്സഞ്ചര്‍ അസോസിയേഷന്‍ എംപിമാര്‍ മുഖേന വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിരുന്നു. പാര്‍ലമെന്റിലും വിഷയം ഉന്നയിച്ചെങ്കിലും ഫലം കണ്ടില്ല. അതുകൊണ്ടുതന്നെ, മലബാറിനും മധ്യതിരുവിതാംകൂറിനും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കാണുമ്പോള്‍ തെക്കന്‍ കേരളത്തിലെ പ്രവാസികള്‍ നെടുവീര്‍പ്പടിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടൊരു സര്‍വീസ് വേണമെന്ന പ്രവാസികളുടെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍, പ്രധാന വില്ലനായി മാറുന്നത് വ്യോമയാന മേഖലയിലെ സാങ്കേതിക പദമായ ‘പോയിന്റ് ഓഫ് കോള്‍’ കടമ്പയാണ്.

വിദേശ വിമാനക്കമ്പനിക്ക് രാജ്യത്തെ ഏതൊക്കെ വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്താമെന്ന് കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വിദേശ രാജ്യവും തമ്മില്‍ ഒപ്പുവെക്കുന്ന കരാറാണ് ഇത്. സൗദിയയോ ഫ്‌ളൈനാസോ പോലുള്ള വിദേശ വിമാനക്കമ്പനികള്‍ക്ക് കൊച്ചിയും കോഴിക്കോടും ‘പോയിന്റ് ഓഫ് കോള്‍’ ആണെങ്കില്‍, തിരുവനന്തപുരം ഇപ്പോഴും ഈ പട്ടികയ്ക്ക് പുറത്താണ്. അതുകൊണ്ട് തന്നെ സൗദി വിമാനങ്ങള്‍ക്ക് തിരുവനന്തപുരത്തേക്ക് റൂട്ട് അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന് കരാര്‍ പുതുക്കേണ്ടി വരും.

അതേസമയം, സൗദി എയര്‍ലൈന്‍സ് അധികൃതരുമായി തിരുവനന്തപുരം-റിയാദ് പാസ്സഞ്ചര്‍ അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയില്‍ അനുമതി ലഭിച്ചാല്‍ സര്‍വ്വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ചില വിമാന കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ‘പോയിന്റ് ഓഫ് കോള്‍’ അനുവദിക്കാത്തതെന്നാണ് ആരോപണം.

ഗള്‍ഫ് നാടുകളില്‍ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമേ വിദേശ കമ്പനികള്‍ക്കും തുല്യ അവസരം ലഭിച്ചാലേ എയര്‍ ടിക്കറ്റ് നിരക്കിലെ കൊള്ളയടി അവസാനിക്കൂ. നിലവില്‍ കണക്റ്റിങ് ഫ്‌ളൈറ്റുകളെ ആശ്രയിച്ച് മുംബൈയിലും ഡല്‍ഹിയിലും മണിക്കൂറുകളോളം കാത്തുകിടന്നാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലുള്ളവര്‍ നാട്ടിലെത്തുന്നത്.

ഇന്ത്യന്‍ കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് സര്‍വീസ് തുടങ്ങാന്‍ ഇത് സാങ്കേതിക തടസ്സമില്ലെങ്കിലും, മികച്ച സേവനവും കൂടുതല്‍ സീറ്റുകളുമുള്ള സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചാല്‍ മാത്രമേ നിരക്കില്‍ പ്രവാസികള്‍ക്ക് ആശ്വാസം ലഭിക്കൂ. ഓരോ ഉത്സവകാലത്തും ജനപ്രതിനിധികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വ്യോമയാന മന്ത്രാലയത്തിന്റെ ചുവപ്പുനാടയില്‍ കുടുങ്ങുമ്പോള്‍, കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും എയര്‍ ടിക്കറ്റിനായി മാറ്റിവെക്കേണ്ട ഗതികേടിലാണ് പ്രവാസി മലയാളി.
മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് നാട്ടിലെത്താന്‍ നിരവധി പ്രവാസികളാണ് ഒരുങ്ങുന്നത്. എന്നാല്‍ നേരിട്ട് സര്‍വീസില്ലാത്തതും കണക്റ്റിങ് ഫ്‌ലൈറ്റുകളിലെ അമിത ടിക്കറ്റ് നിരക്കും കാരണം പലരുടെയും യാത്രകള്‍ ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. ജനപ്രതിനിധികളും അധികാരികളും അടിയന്തരമായി ഇടപെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും വിമാനക്കമ്പനികളിലും സമ്മര്‍ദ്ദം ചെലുത്തി റിയാദ്-തിരുവനന്തപുരം സര്‍വീസ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നാണ് പ്രവാസ ലോകം ആവശ്യപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top