Sauditimesonline

oicc
വ്യാജവാര്‍ത്തകളുടെ കാലത്ത് പരമ്പരാഗത മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം

വ്യാജവാര്‍ത്തകളുടെ കാലത്ത് പരമ്പരാഗത മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം

റിയാദ്: സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതിനൊപ്പം ജനങ്ങളുടെ ശബ്ദമായി മാറാനും കാലത്തിന്റെ സാക്ഷിയായി നിലകൊള്ളാനും മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് കേരള കൗമുദി പൊളിറ്റിക്കല്‍ വിഭാഗം മുന്‍ എഡിറ്ററും പ്രതിപക്ഷ നേതാവ് സ്ഥാനം വഹിച്ചിരുന്ന രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന ബി.വി. പവനന്‍. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ഒഐസിസി ഗസ്റ്റ് ലെന്‍സ്’ പരിപാടിയില്‍ ‘മാധ്യമം, കാലം, സമൂഹം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യയുടെ വളര്‍ച്ച വാര്‍ത്താലോകത്ത് വലിയ മാറ്റങ്ങള്‍ വരുത്തിയെങ്കിലും സത്യാന്വേഷണം, വസ്തുനിഷ്ഠത, സാമൂഹിക പ്രതിബദ്ധത എന്നീ അടിസ്ഥാന ധര്‍മങ്ങളില്‍ മാറ്റം വരരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അധികാരത്തോടും ഭരണകൂടത്തോടും അപ്രിയസത്യങ്ങള്‍ ചോദിക്കാനുള്ള ധൈര്യവും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള പ്രതിബദ്ധതയും മാധ്യമങ്ങള്‍ കാത്തുസൂക്ഷിക്കണം. സോഷ്യല്‍ മീഡിയയുടെ കാലത്ത് വ്യാജവാര്‍ത്തകളും അര്‍ധസത്യങ്ങളും പ്രചരിക്കുമ്പോള്‍ വസ്തുതകള്‍ പരിശോധിച്ച് നല്‍കേണ്ട ഉത്തരവാദിത്തം പരമ്പരാഗത മാധ്യമങ്ങള്‍ക്കുണ്ട്.

മുന്‍കാലങ്ങളില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ തിരുത്താനും ഖേദം പ്രകടിപ്പിക്കാനും മാധ്യമങ്ങള്‍ മടിച്ചിരുന്നില്ല. അച്ചടിച്ച പത്രങ്ങള്‍ പോലും തിരിച്ചുവിളിച്ച ചരിത്രമുണ്ട്. എന്നാല്‍ ഇന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ പോലും തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകാത്തത് ആശങ്കാജനകമാണ്. ചെറുപ്പക്കാരില്‍ പത്രവായന കുറയുന്നുണ്ടെങ്കിലും പുസ്തകങ്ങള്‍ വായിക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ബത്ഹ സബര്‍മതിയില്‍ നടന്ന ചടങ്ങ് ഒഐസിസി നാഷണല്‍ ജനറല്‍ സെക്രട്ടറി റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്‍ കരീം കൊടുവള്ളി എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top