Sauditimesonline

saudi french
സൗദിയും ഫ്രാന്‍സും കൈകോര്‍ക്കുന്നു; വിവിധ മേഖലകളില്‍ 21 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

സൗദിയും ഫ്രാന്‍സും കൈകോര്‍ക്കുന്നു; വിവിധ മേഖലകളില്‍ 21 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

റിയാദ്: പ്രതിരോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഊര്‍ജ്ജം, നിക്ഷേപം തുടങ്ങിയ സുപ്രധാന മേഖലകളില്‍ സഹകരണം ഉറപ്പാക്കാന്‍ സൗദിയും ഫ്രാന്‍സും. ഇതിന്റെ ഭാഗമായി 21 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ ദ്വിദിന സന്ദര്‍ശനത്തിനിടെയാണ് പാരീസിലെ എലിസി പാലസില്‍ ഇരുരാജ്യങ്ങളും നിര്‍ണായക ധാരണയിലെത്തിയത്. സൗദി-ഫ്രഞ്ച് നയതന്ത്ര ബന്ധത്തിന്റെ നൂറാം വാര്‍ഷിക വേളയിലായിരുന്നു കൂടിക്കാഴ്ച.

ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള സുരക്ഷയും മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതും സംബന്ധിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്തു. ഇറാന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് ഉറപ്പാക്കാന്‍ നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കള്‍, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അപലപനീയമാണെന്നും വ്യക്തമാക്കി.

ഗസ്സയിലെ ശാശ്വതമായ വെടിനിര്‍ത്തലും മാനുഷിക സഹായം തടസ്സമില്ലാതെ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചു. 1967ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശത്തിന് ഭീഷണിയാകുന്ന ഇസ്രയേലിന്റെ കുടിയേറ്റ നയങ്ങളെയും അക്രമങ്ങളെയും നേതാക്കള്‍ ശക്തമായി അപലപിച്ചു.
യമനില്‍ ഐക്യരാഷ്ട്രസഭ നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഇരുരാജ്യങ്ങളും സൗദിയിലെ ജനവാസ മേഖലകള്‍ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളെയും ചെങ്കടലിലെ അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങളെയും തള്ളിപ്പറഞ്ഞു. ലബനാനിലെയും സുഡാനിലെയും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ രാജ്യാന്തര തലത്തില്‍ സംയുക്ത നീക്കങ്ങള്‍ ശക്തമാക്കാനും ഉച്ചകോടി തീരുമാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top