
റിയാദ്: പ്രവാസികള്‍ക്ക് ഓണസമ്മാനമെന്ന പേരില്‍ മുടങ്ങിയ പെന്‍ഷന്‍ വിതരണത്തിന് 32 കോടി രൂപ അനുവദിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസികളെ ചേര്‍ത്തുപിടിക്കുന്നതിന്റെ പ്രകടനമല്ലെന്നും പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും കേളി കലാ സാംസ്‌കാരിക വേദി. തുടര്‍ച്ചയായ ബാങ്ക് അവധികളിലേക്ക് നാട് പ്രവേശിക്കുമ്പോള്‍ ഓണത്തലേന്ന് പെന്‍ഷന്‍ അനുവദിച്ചതായി പ്രഖ്യാപിച്ച് പ്രവാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് നടത്തിയത്. മൂന്ന് മാസമായി പെന്‍ഷന്‍ മുടങ്ങിയിരിക്കെ ഒരു ഗഡു അനുവദിച്ചതിനെ വലിയ നേട്ടമായി അവതരിപ്പിക്കുന്നത് പ്രവാസികളോടുള്ള വഞ്ചനയാണെന്നും കേളി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഓണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും ഒരു ലക്ഷത്തോളം പ്രവാസി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മൂന്ന് മാസത്തെ കുടിശ്ശികയ്ക്കായി കാത്തിരിക്കുകയാണ്. വിദേശത്ത് വര്‍ഷങ്ങളോളം അധ്വാനിച്ച് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കിയ പ്രവാസികള്‍ക്ക് ലഭിക്കേണ്ടത് സര്‍ക്കാരിന്റെ ഔദാര്യമല്ല. വര്‍ഷങ്ങളായി ക്ഷേമനിധിയിലേക്ക് അംശദായം അടച്ചവര്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണ് പെന്‍ഷന്‍. അത് സമയബന്ധിതമായി നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയുമാണ്.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ പെന്‍ഷന്‍ മുടക്കിയില്ലെന്ന് മാത്രമല്ല, 2000 രൂപയില്‍ നിന്ന് പടിപടിയായി വര്‍ധിപ്പിച്ച് 3500 രൂപയായി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ നിലവിലുള്ള പെന്‍ഷന്‍ പോലും കൃത്യമായി നല്‍കാതെ മൂന്ന് മാസത്തെ കുടിശ്ശിക വരുത്തിയത് പ്രവാസികളോടുള്ള അവഗണനയാണ്. ഓണത്തിന് 16 ക്ഷേമബോര്‍ഡുകള്‍ക്കായി 130.32 കോടി രൂപ അനുവദിച്ചപ്പോള്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡിന് ഒരു രൂപ പോലും അനുവദിക്കാതിരുന്നത് പ്രവാസികളോടുള്ള കടുത്ത അവഗണനയാണ്. പ്രവാസി ക്ഷേമത്തെക്കുറിച്ച് ബജറ്റില്‍ കാര്യമായ പരാമര്‍ശം പോലും നടത്താതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മുടങ്ങിയ പെന്‍ഷനില്‍ ഒരു ഗഡു അനുവദിച്ച് പ്രവാസി സ്‌നേഹത്തിന്റെ മുഖംമൂടിയണിയുകയാണ്.
മടങ്ങിയെത്തിയ പ്രവാസികളില്‍ മരുന്നിനും ദൈനംദിന ചെലവുകള്‍ക്കും പെന്‍ഷനെ ആശ്രയിക്കുന്ന നിരവധി പേരുണ്ട്. ജീവിതത്തിന്റെ നല്ലകാലം വിദേശത്ത് ചെലവഴിച്ച് വെറുകയ്യോടെ നാട്ടിലെത്തിയവര്‍ക്ക് ഈ പെന്‍ഷന്‍ അവസാനകാലത്തെ ആശ്വാസമാണ്. അതുപോലും മാസങ്ങളോളം മുടക്കുന്നത് പ്രവാസി കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ്.
പ്രവാസി പെന്‍ഷന്‍ 5000 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തവര്‍ നിലവിലുള്ള പെന്‍ഷന്‍ പോലും കൃത്യമായി നല്‍കാത്തത് വാഗ്ദാന ലംഘനമാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികളോട് കാണിക്കുന്ന ഈ അവഗണന അവസാനിപ്പിക്കണം. മുടക്കം കൂടാതെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനൊപ്പം മൂന്ന് മാസത്തെ മുഴുവന്‍ കുടിശ്ശികയും അടിയന്തരമായി വിതരണം ചെയ്യണമെന്നും കേളി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ആഘോഷിക്കുന്ന ഭരണാനുകൂല സംഘടനകളുടെ നിലപാടിലെ ഇരട്ടത്താപ്പും പ്രവാസികള്‍ തിരിച്ചറിയണം. ഒരു ഗഡു അനുവദിച്ചതിനെ ഓണസമ്മാനമായി അവതരിപ്പിക്കുന്നതിനുപകരം മാസങ്ങളായി മുടങ്ങിയ പെന്‍ഷന്‍ കൃത്യമായി നല്‍കാനുള്ള ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. പ്രവാസികളെ കബളിപ്പിക്കുന്ന പുകമറ സൃഷ്ടിക്കല്‍ അവസാനിപ്പിച്ച് അവകാശപ്പെട്ട പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കേളി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






