Sauditimesonline

PRAVASI
പ്രവാസി സ്‌നേഹത്തിന്റെ മുഖംമൂടി; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നു

ഓണത്തിന് മുമ്പ് പ്രവാസി പെന്‍ഷന്‍: സര്‍ക്കാര്‍ നടപടി ആശ്വാസകരമെന്ന് ഒഐസിസി

റിയാദ്: പ്രവാസി പെന്‍ഷന്‍ ഓണത്തിന് മുമ്പ് അനുവദിച്ച കേരള സര്‍ക്കാരിന്റെ നടപടിയെ ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസി സമൂഹത്തിന്റെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ആശ്വാസകരമാണെന്ന് ഒ.ഐ.സി.സി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഓണം ആഘോഷവേളയില്‍ പ്രവാസി പെന്‍ഷന്‍ ലഭ്യമാക്കുന്നത് നാട്ടിലുള്ള പ്രവാസി കുടുംബങ്ങള്‍ക്കും പ്രവാസി സമൂഹത്തിനും സന്തോഷവും ആശ്വാസവും നല്‍കുന്ന തീരുമാനമാണെന്ന് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി എന്നിവര്‍ പറഞ്ഞു.

വര്‍ഷങ്ങളോളം വിദേശരാജ്യങ്ങളില്‍ കഠിനാധ്വാനം ചെയ്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിര്‍ണായകമായ സംഭാവന നല്‍കിയവരാണ് പ്രവാസി മലയാളികള്‍. ജീവിതത്തിന്റെ വലിയൊരു ഭാഗം കുടുംബത്തിനും നാടിനുമായി മാറ്റിവെച്ച പ്രവാസികള്‍ക്ക് വാര്‍ധക്യകാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രവാസി പെന്‍ഷന് വലിയ പ്രാധാന്യമുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്കും പെന്‍ഷന്‍ വലിയ ആശ്വാസമാകുമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന ക്രിയാത്മകമായ നടപടികളെ ഒ.ഐ.സി.സി എന്നും പിന്തുണയ്ക്കുമെന്നും പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതിന് സംഘടന തുടര്‍ന്നും ഇടപെടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രവാസി പെന്‍ഷന്‍ ഓണത്തിന് മുമ്പായി അനുവദിക്കുന്നതിന് നേതൃത്വം നല്‍കിയ കേരള സര്‍ക്കാര്‍, മുഖ്യമന്ത്രിയുയും പ്രവാസി കാര്യവകുപ്പ് മന്ത്രിയുമായ വി.ഡി. സതീശന്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ നന്ദിയും അഭിനന്ദനവും അറിയിച്ചു.

ഒ.ഐ.സി.സി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, സക്കീര്‍ ദാനത്ത്, അബ്ദുല്‍ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, ബാസ്റ്റിന്‍ ജോര്‍ജ്ജ്, നാദിര്‍ഷാ റഹ്മാന്‍, ബഷീര്‍ കോട്ടക്കല്‍ എന്നിവരും സര്‍ക്കാരിന്റെ നടപടിയെ പ്രത്യേകം അഭിനന്ദിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top