
റിയാദ്: പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ സ്വീകരിച്ച ‘നോര്‍ക്ക കെയര്‍’ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയത്തില്‍ ഗണ്യമായ വര്‍ധന വരുത്തിയത് പ്രവാസി സമൂഹത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നു ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി മുന്‍ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ. പഴയ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തുകയാണ് പ്രീമിയമായി ഉയര്‍ത്തിയിരിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള കരാറുകളോ സാമ്പത്തിക കാരണങ്ങളോ ആകാം വര്‍ധനയ്ക്ക് പിന്നിലെങ്കിലും, സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്ന തരത്തില്‍ നിരക്കുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യം ശക്തമാണ്.

യുദ്ധഭീഷണി, തൊഴില്‍ നഷ്ടം, ബിസിനസ് മാന്ദ്യം, വര്‍ധിച്ച ജീവിതച്ചെലവ് എന്നിവ മൂലം ഗള്‍ഫ് ഉള്‍പ്പെടെയുള്ള പ്രവാസലോകം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവരുടെയും ഭാവി അനിശ്ചിതത്വത്തിലായവരുടെയും എണ്ണം വര്‍ധിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്ന പദ്ധതികളുടെ പ്രീമിയം ഉയര്‍ത്തുന്നത് അര്‍ഹരായ പലരെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് പുറത്താക്കാന്‍ ഇടയാക്കും.

പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ മുതിര്‍ന്ന പൗരന്മാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. സ്ഥിരവരുമാനമില്ലാത്ത സമയത്ത് പ്രായത്തിന്റെ പേരില്‍ പ്രീമിയം ഉയര്‍ത്തുന്നത് ഇവര്‍ക്ക് വലിയ തിരിച്ചടിയാണ്. മുതിര്‍ന്ന പ്രവാസികള്‍ക്ക് പ്രത്യേക സബ്‌സിഡി നല്‍കാനോ കുറഞ്ഞ നിരക്കിലുള്ള പ്രീമിയം കാറ്റഗറി ഉള്‍പ്പെടുത്താനോ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അബ്ദുല്ല വല്ലാഞ്ചിറ ആവശ്യപ്പെട്ടു. പ്രീമിയം നിരക്കുകള്‍ പുനഃപരിശോധിച്ച് സാധാരണക്കാരായ പ്രവാസികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ഉറപ്പാക്കണമെന്നാണ് പ്രവാസി സംഘടനകളുടെയും ആവശ്യം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






