
റിയാദ്: മാറിവരുന്ന മാധ്യമരംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വാര്‍ത്തകള്‍ വേഗത്തിലും കൃത്യതയോടും പ്രേക്ഷകരിലെത്തിക്കാനുള്ള പ്രായോഗിക പരിശീലനവുമായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്). ‘മോജോ മോണിങ്’ എന്ന പേരില്‍ സംഘടിപ്പിച്ച ശില്പശാലയില് മൊബൈല്‍ ജേണലിസത്തിന്റെ സാധ്യതകളും ആധുനിക പ്രവണതകളും വിശദീകരിച്ചു.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാര്‍ത്താ ചിത്രീകരണം, എഡിറ്റിങ്, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് അനുയോജ്യമായ ഉള്ളടക്ക നിര്‍മ്മാണം എന്നിവയിലായിരുന്നു പരിശീലനം. റിംഫ് അക്കാദമിക് കണ്‍വീനര്‍ മിഷാല്‍ ചെര്‍പ്പുളശ്ശേരി ക്ലാസ് നയിച്ചു.

വാര്‍ത്താ വിതരണത്തില്‍ വേഗത പോലെ തന്നെ കൃത്യതയും ആധികാരികതയും വളരെ പ്രധാനമാണ്. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ സാങ്കേതിക പരിജ്ഞാനം വര്‍ധിപ്പിക്കണം. ഇതിലൂടെ ഉയര്‍ന്ന ഉത്തരവാദിത്ത ബോധവും തൊഴില്‍ മികവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ശില്പശാല ചര്‍ച്ച ചെയ്തു. ബത്ഹ ലുഹ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് നൗലല് പാലക്കാടന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി നിദിര്ഷാ റഹ്മാന് സ്വാഗതവും ട്രഷറര്‍ സുലൈമാന്‍ ഊരകം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






