ഷാഫി തുവ്വൂര്

റിയാദ്: ആഗോള നിക്ഷേപ ഭൂപടത്തില്‍ സൗദി അറേബ്യയുടെ സ്ഥാനത്തിന് കൂടുതല്‍ മികവ് പകരുന്ന ‘ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്’ (എഫ്‌ഐഐ) പത്താം പതിപ്പ് അടുത്ത വര്‍ഷം അരങ്ങേറും. കൂടുതല്‍ രാജ്യാന്തര പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം നടക്കേണ്ടിയിരുന്ന സമ്മേളനം അടുത്ത വര്‍ഷത്തേക്കു മാറ്റിയത്. 2027 ഒക്ടോബര്‍ 25 മുതല്‍ 28 വരെ റിയാദിലാണ് ഉച്ചകോടിയെന്ന് എഫ്‌ഐഐ ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ പ്രിസസ് ഡോ. മഹാ ബിന്ത് മിശാരി ബിന്‍ അബ്്വുല്‍അസീസ് അല്‍ സൗദ് പറഞ്ഞു.

സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ ‘ദ പവര്‍ ഓഫ് ലെഗസി’ എന്ന പ്രമേയത്തിലാണ് സമ്മേളനം. 2017ല്‍ തുടങ്ങിയ എഫ്‌ഐഐ, ലോകത്തെ പ്രമുഖ നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും നയരൂപീകരണ വിദഗ്ധരെയും ഒരുകുടക്കീഴില്‍ അണിനിരത്തുന്ന സുപ്രധാന വേദിയാണ്.

സൗദിയുടെ ‘വിഷന്‍ 2030’ പദ്ധതികളുടെ ഭാഗമായി സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഉച്ചകോടി കരുത്തേകും. നിര്‍മിതബുദ്ധി, സുസ്ഥിര വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്കാകും സമ്മേളനത്തില്‍ മുഖ്യപരിഗണന. പത്താം പതിപ്പിന്റെ ആഗോള സ്വാധീനം വര്‍ധിപ്പിക്കുകയാണ് തീയതി പുതുക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് എഫ്‌ഐഐ ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ വ്യക്തമാക്കി.
രാജ്യാന്തര നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2027 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെ യുഎസിലെ മയാമിയില്‍ ‘എഫ്‌ഐഐ പ്രയോറിറ്റി’ ഉച്ചകോടി നടക്കും. ഏഷ്യന്‍ ഉച്ചകോടിയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






