ഷാഫി തുവ്വൂര്‍

റിയാദ്: മൈക്രോസോഫ്റ്റ് സേവനങ്ങള്‍ ആഗോളതലത്തില്‍ തടസ്സപ്പെട്ടത് വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. വ്യാഴാഴ്ച ആരംഭിച്ച് വെള്ളിയാഴ്ചയും തുടര്‍ന്ന സാങ്കേതിക തകരാറില്‍ 74 രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ വലഞ്ഞു. ശനിയാഴ്ചയോടെ സേവനങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചു.

ഔട്ട്ലുക്ക്, ടീംസ്, വണ്‍ഡ്രൈവ്, ഷെയര്‍പോയിന്റ് തുടങ്ങിയ പ്രധാന സേവനങ്ങള്‍ നിലച്ചതോടെ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ഇമെയില്‍ ആശയവിനിമയവും ഓണ്‍ലൈന്‍ യോഗങ്ങളും തടസ്സപ്പെട്ടു.
യുഎഇയില്‍ പല സ്ഥാപനങ്ങളും അടിയന്തര ആശയവിനിമയത്തിനായി വാട്സാപ്പിനെ ആശ്രയിച്ചു. ബ്രിട്ടനില്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും മരുന്നുവിതരണത്തെയും തകരാര്‍ ബാധിച്ചു. കോടതി നടപടികളും പൊലീസ് സേവനങ്ങളും തടസ്സപ്പെട്ടു. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും പ്രതിസന്ധി പ്രകടമായി.

നെറ്റ്വര്‍ക്ക് സംവിധാനത്തിലെ സാങ്കേതിക പിഴവാണ് തകരാറിനു കാരണമെന്നും സൈബര്‍ ആക്രമണമല്ലെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്.
സംഭവം ആഗോളതലത്തില്‍ വലിയ സാമ്പത്തിക നഷ്ടത്തിനിടയാക്കിയെന്നാണ് വിലയിരുത്തല്‍. എങ്കിലും നഷ്ടത്തിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ഏതാനും സാങ്കേതിക കമ്പനികളെ അമിതമായി ആശ്രയിക്കുന്ന ലോകത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചും ബദല്‍ സംവിധാനങ്ങളുടെ ആവശ്യകതയെക്കുറിച്ചും സംഭവം വീണ്ടും ചര്‍ച്ചകള്‍ക്കു വഴിതുറന്നിരിക്കുകയാണ്.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






