Sauditimesonline

pattambi ifthar
പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

ഇന്ത്യ ഔദാര്യം കാട്ടിയില്ല; സൗദിയുടെ ‘ഔദ’ ഇന്ത്യക്കാര്‍ക്കില്ല

മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ഇന്ത്യക്കാരുടെ അവകാശമാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യത്തിന് കാത്തിരിക്കേണ്ട ഗതികേടിലാണ് സൗദിയിലുളള ഇന്ത്യന്‍ പ്രവാസി സമൂഹം.

റിയാദ്: സൗദിയിലുളള ഇന്ത്യക്കാര്‍ക്ക് മാതൃരാജ്യത്തേക്ക് മടങ്ങാന്‍ വിമാന യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. സൗദിയില്‍ നിന്നു അടിയന്തിരമായി രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ‘ഔദ’ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താലും മടക്ക യാത്ര സാധ്യമല്ല. ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലുളള വിദേശികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇന്ത്യക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിറില്‍ ആരംഭിച്ച ‘ഔദ’യില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.

അന്താരാഷ്െ്ര വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ സൗദി എയര്‍ലൈന്‍സാണ് യാത്രക്ക് സൗകര്യം ഒരുക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കൊവിഡ പ്രോട്ടോകോള്‍ പ്രകാരം വിവിധ ഘട്ടങ്ങളില്‍ പരിശോധന നടത്തി രോഗ ബാധിതരല്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് യാത്രക്കാരെ രാജ്യം വിടാന്‍ അനുവദിക്കുന്നത്. സൗദിയില്‍ ഏറ്റവും കൂടുതല്‍ വിദേശികളുളളത് ഇന്ത്യക്കു പുറമെ ഈജിപ്ത്, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍ സ്വദേശികളാണ്. സൗദി വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയ രാജ്യങ്ങളിലേക്കാണ് സൗദി ആഭ്യന്തര മന്ത്രാലയം വിവിധ മന്ത്രാലയങ്ങളുമായി ഏകോപനം നടത്തി യാത്രക്ക് സജ്ജീകരണം ഒരുക്കുന്നത്. ഇതിനായി ‘ഔദ’ എന്ന പേരില്‍ പ്രത്യേക പദ്ധതി ആരംഭിച്ചത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍, വിസിറ്റിംഗ് വിസയിലെത്തിയവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരാണ് പ്രധാനമായും അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറായവര്‍. ഇവരിലേറെയും മലയാളികളാണ്.

മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ഇന്ത്യക്കാരുടെ അവകാശമാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യത്തിന് കാത്തിരിക്കേണ്ട ഗതികേടിലാണ് സൗദിയിലുളള ഇന്ത്യന്‍ പ്രവാസി സമൂഹം. അതിനിടെ ദുബൈ, കുവൈത് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കാര്‍ഗോ വിമാനങ്ങളിലയച്ച മൃതദേഹങ്ങള്‍ തിരിച്ചയക്കണമെന്ന നിര്‍ദേശവും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതും പ്രവാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top