Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നു: ചില്ല

റിയാദ്: വര്‍ത്തമാനകാല ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളിയില്‍ ആശങ്ക പങ്കുവെച്ച് ‘ചില്ല’ പ്രതിമാസ വായന ശിഫ അല്‍ ജസീറ ക്ലിനിക് ഹാളില്‍ നടന്നു. ബിബിസിയുടെ ‘ഇന്ത്യ ദ മോഡി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി ഇന്ത്യയിലെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെയൈുള്ളവരെ അറസ്റ്റ് ചെയ്തു. ഇത്തരം സാഹചര്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്നുവെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സംവാദത്തിന് മുന്നോടിയായി ആനന്ദിന്റെ ആള്‍ക്കൂട്ടം, സാറാ ജോസഫിന്റെ ബുധിനി, അശോകന്‍ ചരുവിലിന്റെ കാട്ടൂര്‍ക്കടവ്, എമിലി ബ്രോണ്ടിയുടെ വതറിംഗ് ഹൈറ്റ്‌സ്, കെ എന്‍ പണിക്കരുടെ കലുഷിതമായ കാലം, ചെരീഫ് ചുങ്കത്തറയുടെ ഇന്ത്യ 350 സിസി എന്നീ പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ അവതരിപ്പിച്ചു.

വതറിംഗ് ഹൈറ്റ്‌സിന്റെ വായനാനുഭവം സജന മടപ്പള്ളി അവതരിപ്പിച്ച് പരിപാടി ആരംഭിച്ചു. ഇംഗ്ലീഷ് വിക്ടോറിയന്‍ സാമൂഹ്യചട്ടങ്ങളെയും സദാചാരമൂല്യങ്ങളെയും നോവല്‍ വെല്ലുവിളിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ മികച്ച രചനയായാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഷെരീഫ് ചുങ്കത്തറ എഴുതിയ ഇന്ത്യന്‍ യാത്രാനുഭവങ്ങളുടെ സമാഹാരമായ ഇന്ത്യ 350 സിസി ഗ്രന്ഥകാരന്റെ ഇന്ത്യന്‍ യാത്രാനുഭവങ്ങളിലെ വൈവിദ്ധ്യങ്ങളെ വായനക്കാരുമായി പങ്കുവെക്കുന്നു. ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പ് മനസ്സിലാക്കാന്‍ പുസ്തകം സഹായകമാണെന്ന് അവതാരകന്‍ ഫൈസല്‍ കൊണ്ടോട്ടി പറഞ്ഞു.

സീബ കൂവോട് അവതരിപ്പിച്ച ബുധിനി വികസനപദ്ധതികളുടെ പേരില്‍ സ്വന്തം മണ്ണില്‍ നിന്ന് കുടിയിറക്കപ്പെടുന്ന ഗോത്രജനതയുടെ കഥയാണ് പറയുന്നത്. അത്തരം ഗോത്രങ്ങളിലും ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്നതും ഒറ്റപ്പെടുത്തപ്പെടുന്നതും സ്ത്രീകളാണ് എന്ന വസ്തുത കൂടി നോവല്‍ പങ്കുവെക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അശോകന്‍ ചരുവിലിന്റെ ഏറ്റവും പുതിയ നോവല്‍ വായന അവതരിപ്പിച്ചത് വിപിന്‍ കുമാറാണ്. കാട്ടൂര്‍ കടവ് എന്ന ദേശത്തിലൂടെ ഇതിഹാസമാനമുള്ള കഥാപ്രപഞ്ചം തീര്‍ക്കുകയാണ് എഴുത്തുകാരന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയും വിമര്‍ശനവും ഇടകലരുന്ന സര്‍ഗാത്മകവും ഭാവനാത്മകവുമായ ഉജ്ജ്വല നോവലാണിതെന്നും അദ്ദേഹം പറഞ്ഞു.

കലുഷിതമായ കാലം എന്ന പുസ്തകം കെ എന്‍ പണിക്കരുടെ ജീവിതാനുഭവങ്ങളുടെ ശക്തമായ പകര്‍പ്പാണെന്ന് പുസ്തകം അവതരിപ്പിച്ച സുരേഷ് ലാല്‍ പറഞ്ഞു. ഇന്ത്യയിലേയും വിദേശത്തേയും സര്‍വകലാശാലകളില്‍ ചരിത്രാധ്യാപകനായി ജോലി ചെയ്ത ഗ്രന്ഥകാരന്റെ വിപുലവും വൈവിദ്ധ്യപൂര്‍ണവുമായ അനുഭവങ്ങള്‍ കൃത്യമായ ആശയരൂപമുള്ള ചരിത്രകാരനെയും സാമൂഹ്യമനുഷ്യനെയും പരുവപ്പെടുത്തിയ പ്രക്രിയ പുസ്തകത്തില്‍ വായിച്ചെടുക്കാം. കൊമ്പന്‍ മൂസ അവതരിപ്പിച്ച ആള്‍ക്കൂട്ടം മലയാള നോവല്‍ സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ്. ആധുനിക ജീവിതത്തിന്റെ സമസ്യകളില്‍ പെട്ട് സ്വത്വം നഷ്ടപ്പെടുന്ന മനുഷ്യര്‍ വെറും ആള്‍ക്കൂട്ടമായി മാറുന്നു എന്ന ചരിത്രപരമായ വിമര്‍ശനം മുന്നോട്ടുവെക്കുന്ന കൃതി ഭാഷാപരമായും നൈതികമായും പുതിയ ഭാവുകത്വം സൃഷ്ടിച്ചിട്ടുണ്ടെന്ന് അവതാരകന്‍ അവകാശപ്പെട്ടു.

അവതരണങ്ങളെ തുടര്‍ന്ന് ഒരോ കൃതിയെയും കുറിച്ചുള്ള ചര്‍ച്ച നടന്നു. അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങളിലെല്ലാം വെറും ആള്‍ക്കൂട്ടങ്ങളായി മാറുന്ന ജനതയെ സൃഷ്ടിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വായനയും അതിന്റെ സംവാദങ്ങളും ജനാധിപത്യത്തിന്റെ ബോധവും പ്രയോഗവുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ നമ്മെ പ്രാപ്തരാക്കേണ്ടതുണ്ടെന്ന വസ്തുതയ്ക്ക് ചില്ലയുടെ സംവാദം അടിവരയിട്ടു.

സംവാദത്തില്‍ ബീന, സഫറുദ്ദീന്‍, നജീം കൊച്ചുകലുങ്ക്, ശിഹാബ് കുഞ്ചീസ്, പ്രഭാകരന്‍, വിനോദ്, ബിജു തായമ്പത്ത് എന്നിവര്‍ പങ്കെടുത്തു. എം ഫൈസല്‍ മോഡറേറ്ററായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top