Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഡോ. കെ റഹ്മത്തുള്ള മനുഷ്യസ്‌നേഹിയായ അധ്യാപകന്‍

ഇബ്രാഹിം സുബ്ഹാന്‍, റിയാദ്

ലേഖകനോടൊപ്പം ഡോ. കെ റഹ്മത്തുളള

ചില മരണങ്ങള്‍ വല്ലാത്തൊരു വേദനയായി മനസ്സില്‍ നിറയും. മെയ് 22ന് രാത്രി റിയാദിലെ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ചുകൊണ്ടാണ് ഡോ. കെ റഹ്മതുളളയുടെ വിയോഗ വാര്‍ത്ത വന്നത്. ചെന്നൈയിലെ പോരൂരിനടുത്ത രാമപുരം സ്വദേശിയായ അദ്ദേഹത്തെ അമ്പതാമത്തെ വയസ്സിലാണ് മരണം കവര്‍ന്നെടുത്തത് എന്നതാണ് വേദന ഇരട്ടിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസമായി അദ്ദേഹം കോവിഡിന്റെ പിടിയിലായിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രിയോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നാണ് അറിയുന്നത്. നാഥന്‍ അദ്ദേഹത്തിന്റെ സ്വര്‍ഗ്ഗ പ്രവേശം സാധ്യമാക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം.

അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി പതിമൂന്ന് വര്‍ഷമായി റിയാദിലുണ്ട് ഡോ.കെ റഹ്മത്തുള്ള. നേരത്തെ ജിദ്ദ അല്‍ വറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളായിരുന്നു. രണ്ട് പതിറ്റാണ്ട് കാലം ജിദ്ദയിലും റിയാദിലും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചതുകൊണ്ടുതന്നെ സ്വദേശികളും വിദേശികളുമായ നിരവധി സൗഹൃദങ്ങള്‍ അദ്ദേഹത്തിനുണ്ട്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ബന്ധത്തിലൂടെയാണ് ഒരു സ്ഥാപനത്തിന്റെ നടത്തിപ്പ് സുഖകരമാവുക എന്ന തിരിച്ചറിവാണ് റഹ്മതുല്ലയുടെ സവിശേഷത. ഒരു തലമുറയുടെ ജീവിതമാണ് നമ്മുടെ കൈകളില്‍ മാതാപിതാക്കള്‍ ഏല്പിച്ചിരിക്കുന്നതെന്ന് ഓരോ അധ്യാപകനെയും നിരന്തരം ഓര്‍മിപ്പിച്ചു അദ്ദേഹം. ആ ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ കിട്ടുന്ന ഓരോ അവസരവും അദ്ദേഹം മറക്കാതെ വിനിയോഗിച്ചു. വിദ്യാഭ്യാസം കച്ചവടമല്ലെന്നും പൊതുബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കലാണെന്നും സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവരെയും നടത്തിപ്പുകാരേയും അദ്ദേഹം ഉണര്‍ത്തിക്കൊണ്ടിരുന്നു. ഇത്തരം സവിശേഷതകളാണ് റഹ്മത്തുള്ള എന്ന അധ്യാപകനെ ജനകീയനാക്കിയത്. പാഠപുസ്തകത്തിനപ്പുറത്തുള്ള ജീവിത പരിസരത്തേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടു പോകാനും അവിടെ നിന്ന് അനുഭവ പാഠങ്ങള്‍ സായത്വമാക്കാനും വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിലും അലസത കാണിച്ചില്ല. ഇത്തരം പ്രോഗ്രാമുകള്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രീതി പിടിച്ചു പറ്റാനും സഹായിച്ചിരുന്നു.

ഊര്‍ജ്ജസ്വലനായ അധ്യാപകന്‍ എന്നതിനൊപ്പം മാനവിക മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിത്വം അദ്ദേഹം വ്യത്യസ്ഥനാക്കി. ഗള്‍ഫിലെ മാതാപിതാക്കളുടെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും കുട്ടികളുടെ പഠനത്തെയാണ് ബാധിക്കുക. അത്തരം വിഷയങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തകന്റെ ചടുലതയോടെ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണാറുണ്ട്. ഇത്തരം വിഷയങ്ങളില്‍ പലപ്പോഴും ഞാനടക്കമുള്ള നിരവധി പേരുടെ സഹായം തേടാറുമുണ്ട്. റിയാദിലെ ജീവകാരുണ്യ, കലാ, കായിക പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു ഡോ. റഹ്മത്തുള്ള. തമിഴ്‌നാട് സ്വദേശി ആണെങ്കിലും മലയാളികളോട് ഏറെ അടുപ്പവും ആദരവും പ്രകടിപ്പിച്ച അദ്ദേഹം മലയാളി സമൂഹത്തിന്റെ പരിപാടികളില്‍ സജീവമായിരുന്നു. അദ്ദേഹത്തിന്റെ കൂടെ നിരവധി പരിപാടികളില്‍ പങ്കെടുത്തത് മനസ്സില്‍ നിറയുമ്പോള്‍ ഇനി ആ സാമീപ്യമില്ലല്ലോ എന്ന ചിന്ത വേദനയായി ഉള്ളം പൊള്ളിക്കുന്നു. തലമുറകള്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്‍കിയ അദ്ദേഹത്തിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top